Breaking News

ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച, മൂക്കാല്‍ കിലോ സ്വര്‍ണവും രണ്ടരലക്ഷം രൂപയും നഷ്ടമായി…..

മുതുകുളം ചിങ്ങോലി കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്ന ജീവതയുടെ ഉരുപ്പടികള്‍, ശ്രീകോവിലില്‍ ദേവിക്കു ചാര്‍ത്തിയിരുന്ന മാല ഉള്‍പ്പെടെ മുക്കാല്‍ കിലോയോളം സ്വര്‍ണവും, 2,40,000 രൂപ എന്നിവ നഷ്ടപ്പെട്ടുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ശ്രീകോവിലില്‍നിന്ന് പത്തു പവനോളവും ബാക്കി ജീവതയില്‍ പിടിപ്പിക്കുന്ന സ്വര്‍ണവുമാണ് അപഹരിച്ചത്.

ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വര്‍ണക്കുമിളകള്‍, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ മിനുക്കുന്നതിനായാണ് ദേവസ്വം ഓഫീസില്‍ അഴിച്ചുവെച്ചത്. ഇതിന്റെ പൂട്ടു തകര്‍ത്താണു മോഷ്ടാവ് അകത്തുകയറിയത്. വഴിപാട് കൗണ്ടറിന്റെ താഴും തല്ലിത്തുറന്നു. ഇവിടെനിന്നാണ് ഇരുപതിനായിരം രൂപയോളം നഷ്ടമായത്. ചൊവ്വാഴ്ച പുലര്‍ച്ചേ 3.45-ന് മുറ്റംതൂക്കാനെത്തിയവരാണു വഴിപാടുകൗണ്ടര്‍ തുറന്നുകിടക്കുന്നത് ആദ്യം കണ്ടത്.

ഇവര്‍ ഉടന്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റ് മുഞ്ഞിനാട്ടു രാമചന്ദ്രന്‍, സെക്രട്ടറി വേണുഗോപാലന്‍ നായര്‍ എന്നിവരെ അറിയിച്ചു. അവര്‍ പരിശോധിച്ചപ്പോഴാണു ചുറ്റമ്പലത്തിന്റെ പടിഞ്ഞാറുവശത്തെ വാതില്‍ തുറന്നുകിടക്കുന്നതും ശ്രീകോവില്‍ തുറന്നു മോഷണംനടത്തിയിരിക്കുന്നതും കണ്ടത്. കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബി, കരീലക്കുളങ്ങര എസ്.ഐ. എ. ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി.

ഫൊറന്‍സിക് വിദഗ്ധ ബ്രീസി ജേക്കബ്, വിരലയാള വിദഗ്ധരായ എസ്. വിനോദ്കുമാര്‍, എസ്. സന്തോഷ് എന്നിവരും തെളിവുകള്‍ ശേഖരിച്ചു. മണംപിടിച്ച പോലീസ് നായ മുക്കുവശ്ശേരി പള്ളിക്കു തെക്കോട്ട് മൂന്നര കിലോമീറ്ററോളം അകലെ വടക്കെടുത്തുഭാഗംവരെ ഓടിച്ചെന്നു. ഓടിനുമുകളില്‍ക്കയറി ലോഹവല മാറ്റിയാണു മോഷ്ടാവ് ചുറ്റമ്പലത്തില്‍ കടന്നത്. ഇതിനുള്ളിലെ ചെറിയമുറി തുറന്നാണു ഭിത്തിയില്‍ തൂക്കിയിരുന്ന താക്കോലെടുത്തു ശ്രീകോവില്‍ തുറന്നത്.

ശ്രീകോവിലിനുള്ളില്‍ ഒരുപാത്രത്തിലായാണു രണ്ടുലക്ഷത്തിലധികം രൂപവെച്ചിരുന്നത്. മേല്‍ശാന്തി മനുവിന്റെ വീടുപണി നടക്കുകയാണ്. ഇതിന്റെ ആവശ്യത്തിനു ബാങ്കില്‍നിന്ന് പിന്‍വലിച്ച ഒന്നരലക്ഷം രൂപയും ശമ്പളവും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന എതിരേല്‍പ്പുത്സവത്തിന്റെ ഭാഗമായി കൊടുക്കാനുണ്ടായിരുന്ന തുകയുമാണിത്. താക്കോല്‍ അവിടെത്തന്നെ വെച്ചിട്ടാണു മോഷ്ടാക്കള്‍ പോയത്. എന്നാല്‍, ഇതിനൊപ്പമുണ്ടായിരുന്ന ഉപദേവതാ ക്ഷേത്രങ്ങളുടെ താക്കോല്‍ കാണാതാവുകയും ചെയ്തു.

ഇത് എടുത്തുകൊണ്ടു പോകുകയോ ഉപേക്ഷിക്കുകയോ ചെയ്തുകാണുമെന്നു കരുതുന്നു. ദേവസ്വം ഓഫീസില്‍നിന്ന് പഴയ ഒരു കാണിക്കവഞ്ചിയും ഓഫീസ് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും എടുത്തെങ്കിലും ക്ഷേത്രത്തിനുപിന്നില്‍ കാവിനു സമീപം ഉപേക്ഷിച്ചു. ഈ വഞ്ചി തുറക്കാതെയാണു മോഷ്ടാക്കള്‍ മടങ്ങിയത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന കാണിക്കയായി കിട്ടുന്ന വെള്ളിരൂപങ്ങളും ദേവതകളെ അണിയിക്കുന്ന വിലപിടിപ്പില്ലാത്ത ആഭരണങ്ങളും സ്റ്റേജിനു പിന്നില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …