ശബരിമലയില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും. പ്രത്യേക പേടകത്തില്‍ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിധികള്‍ ആചാരപൂര്‍വം വരവേല്‍ക്കും. ഘോഷയാത്ര കടന്നു പോകുന്ന നിലയ്ക്കല്‍ പമ്ബ റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും കഴിഞ്ഞ ബുധനാഴ്ച പുറപ്പെട്ടതാണ് തങ്ക അങ്കി ഘോഷയാത്ര.
ഇന്നലെ രാത്രി ളാഹ സത്രത്തില്‍ തങ്ങിയ ശേഷം ഇന്ന് പുലര്‍ച്ചയാണ് പമ്ബയിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.30 നാണ് തങ്ക അങ്കി പമ്ബയിലെത്തുക. മൂന്നിന് പമ്ബയില്‍ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലെത്തും. പമ്ബയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്ക അങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
നാളെ ഉച്ചയ്ക്ക് 11.50നും 1.15 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. രാത്രി 10 ന് ക്ഷേത്രനട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീര്‍ഥാടനത്തിനും സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകുന്നേരം അഞ്ചിനു ക്ഷേത്രനട തുറക്കും.