വീടുകളില്‍ വില്‍പ്പനയ്ക്കായി എത്തിച്ച മീന്‍ (fish) തിന്ന പൂച്ചകള്‍ (cats) തല്‍ക്ഷണം പിടഞ്ഞുവീണ് ചത്തു. കുറ്റിപ്പുറം നാഗപറമ്പില്‍ ഇന്നലെ രാവിലെ ഒന്‍പത് മണിക്കാണ് സംഭവം. മാണിയങ്കാടുള്ള വില്‍പനക്കാരന്‍ വീടുകളില്‍ മത്സ്യം വില്‍ക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. ഇതിനുപിന്നാലെ മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
മീന്‍ വില്പനക്കാരനില്‍ നിന്ന് മത്സ്യം വാങ്ങിയ സ്ത്രീ സമീപത്തുണ്ടായിരുന്ന 2 പൂച്ചകള്‍ക്ക് മീനുകള്‍ ഇട്ടു നല്‍കിയിരുന്നു. മീന്‍ തിന്നതോടെ രണ്ട് പൂച്ചകളും പിടഞ്ഞു ചത്തു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ വില്‍പന തടയുകയും നേരത്തേ ഇയാളില്‍ നിന്ന് മീന്‍ വാങ്ങിയ വീടുകളില്‍ എത്തി വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ മീന്‍ കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫിസില്‍ പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു.
മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ എത്തിച്ചു പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവായെന്നു കോട്ടയ്ക്കല്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ.ദീപ്തി അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയയ്ക്കും. മത്സ്യം എത്തിച്ച തിരൂര്‍ മാര്‍ക്കറ്റിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.