മുതിര്‍ന്ന സിനിമ- സീരിയല്‍ നടന് ജി.കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 325 സിനിമകളില്‍ അഭിനയിച്ചു. നിരവധി പ്രശസ്ത സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയിലൂടെയാണ് ജി കെ പിളള മലയാള സിനിമയിലേക്കെത്തിയത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്കൂളില്‍ വിദ്യാഭ്യാസം.
പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത് ഗോപി, ശോഭന പരമേശ്വരന് നായര്‍ തുടങ്ങിയവര്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നു. 97 കഴിഞ്ഞ ജി കെ പിള്ളയുടെ അഭിനയജീവിതം 67 വര്‍ഷം നീണ്ടുനിന്നു. കളിക്കൂട്ടുകാരനായ പ്രേംനസീര്‍ നായകനായ സിനിമകളിലാണ് ജി.കെ പിളള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും. സിനിമയില്‍ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം. ‘പത്മശ്രീ’ തുടങ്ങിയ പുരസ്കാരങ്ങള്‍ പടിവാതില്‍വരെ എത്തി പിന്‍വലിഞ്ഞ ചരിത്രമുളള കലാകാരനാണ്.
പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം നാട്ടിലും കോടാമ്പക്കത്തുമായുളള ഏറെ അലച്ചിലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍1954 ല്‍ ‘സ്നേഹസീമ’ എന്ന ചിത്രത്തില്‍ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാന്, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നി ചിത്രങ്ങളില്‍ വേഷമിട്ടു. കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന് എക്സ്പ്രസ് എന്നിവയില്‍ പ്രധാന വില്ലന്‍ ജി കെ പിള്ളയായിരുന്നു. വില്ലന്‍ വേഷങ്ങള്‍ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.