Breaking News

പറവൂര്‍ കൊലപാതകം: പ്രതി ജിത്തുവിനെ കണ്ടെത്തിയിട്ടും തിരിച്ചറിനാവാതെ പോലീസ്; ഒടുവിൽ എല്ലാം പുറത്ത്…

പറവൂരില്‍ സഹോദരിയെ കൊലപ്പെടുത്തിയ (Paravur Murder) സംഭവത്തിലെ പ്രതി ജിത്തുവിനെ കണ്ടെത്തിയിട്ടും പോലീസിന് (Kerala Police) തിരിച്ചറിയാന്‍ സാധിച്ചില്ല. തെരുവില്‍ അലയുകയായിരുന്ന ജിത്തുവിനെ വനിതാ പോലീസാണ് കാക്കനാടുള്ള അഭയ കേന്ദ്രത്തില്‍ എത്തിച്ചത്. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് പറവൂരില്‍ നിന്നുള്ള പോലീസ് അഭയകേന്ദ്രത്തിലെത്തി ജിത്തുവിനെ തിരിച്ചറിഞ്ഞത്. പറവൂരില്‍ തീപ്പെള്ളലേറ്റ് യുവതി മരിച്ച സംഭവത്തില്‍ കൊലപാതക സാധ്യത ആദ്യമെ തന്നെ പോലീസ് സംശയിച്ചിരുന്നു.

തീപിടുത്തത്തിന് ശേഷം യുവതിയുടെ സഹോദരി വീട്ടില്‍ നിന്ന് കടന്ന് കളഞ്ഞതാണ് ഇത്തരമൊരു സംശയത്തിലേയക്ക് പോലീസിനെ എത്തിച്ചത്. ഇതിന് പിന്നാലെ ജിത്തുവിനായുള്ള തിരച്ചിലും പോലീസ് ഊര്‍ജിതമാക്കി. എന്നാല്‍ മരണം നടന്ന് രണ്ടു ദിവസമായിട്ടും ജിത്തുവിന്റെ അറസ്റ്റിലേക്ക് എത്താന്‍ പോലീസിനായില്ല. ജിത്തുവിനെ തിരിച്ചറിയാന്‍ പോലീസിന് സാധിയ്ക്കാതിരുന്നതാണ് അറസ്റ്റ് വൈകുന്നതിന് ഇടയാക്കിയത്.

കൊച്ചി മേനകയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന ജിത്തുവിനെ സിറ്റിയിലെ വനിത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടു. പോലീസിന് തെറ്റായ വിവരങ്ങള്‍ ആണ് ജിത്തു നല്‍കിയത്. തെറ്റായ പേരും മേല്‍വിലാസവും നല്‍കി. ലക്ഷദ്വീപ് സ്വദേശിയാണെന്നും പോലീസിനോട് പറഞ്ഞു. മറ്റാരും സഹായത്തിനില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വനിത പോലീസ് ഉദ്യോഗസ്ഥരാണ് ജിത്തുവിനെ തെരുവോരം മുരുകന്റെ കാക്കനാടുള്ള അഭയകേന്ദ്രത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ എത്തിച്ചത്.

അഭയകേന്ദ്രത്തിലും ജിത്തു പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയില്ല. മാത്രമല്ല മറ്റൊരു സ്ഥലത്തേയ്ക്ക് മാറണമെന്ന് ആവശ്യമുന്നയിയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് അഭയകേന്ദ്രത്തിലെത്തിയ യുവതി ജിത്തുവാണോ എന്ന സംശയം പറവൂര്‍ പോലീസിന് ഉണ്ടായത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് ജിത്തുവാണെന്ന് സ്ഥിരീകരിച്ചത്. ജിത്തു മുഴുവന്‍ സമയവും മാസ്‌ക് ധരിച്ചിരുന്നു. പോലീസുകാരുടെ മുന്നിലോ അഭയകേന്ദ്രത്തിലോ വെച്ച്‌ മാസ്‌ക് മാറ്റിയിരുന്നില്ല.

തലവരെ മറയ്ക്കുന്ന രീതിയിലാണ് വസ്ത്രം ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഒപ്പമുണ്ടായിരുന്നത് ജിത്തുവാണെന്ന് തിരിച്ചറിയാന്‍ പോലീസുകാര്‍ക്കോ അഭയകേന്ദ്രത്തിലെ ജീവനക്കാര്‍ക്കോ സാധിച്ചില്ല. കൊലപാതകത്തിന് ശേഷം ജിത്തു അധിക ദൂരം സഞ്ചരിച്ചിട്ടില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. ജിത്തുവിനെ കണ്ടെത്തുന്നതിന് വേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ജിത്തു പോലീസിനെ കബിളിപ്പിച്ചത്. വിസ്മയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജിത്തു പോലീസിനോട് സമ്മതിച്ചു. ജിത്തുവും വിസ്മയയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വിസ്മയയെ ജിത്തു കത്തിയെടുത്ത് കുത്തുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പാക്കിയ സാഹചര്യത്തിലാണ് മ്യതദേഹം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചത്. പിന്നീട് വീട് വിട്ടു പോകുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …