അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകന്‍ ഡംബലുകൊണ്ട് തലക്കടിച്ച് കൊന്നു. തെലങ്കാനയിലെ സുല്‍ത്താന്‍ ബസാറില്‍ തിങ്കളാഴ്ചയാണ് പരിസരവാസികളെ നടുക്കിയ സംഭവം. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയെയും 24 കാരന്‍ ആക്രമിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. രാത്രി രണ്ടുമണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ പപ്പമ്മയെയാണ് മകന്‍ കോണ്ടസുധീര്‍ കുമാര്‍ കൊലപ്പെടുത്തിയത്.
സുധീര്‍ കുമാര്‍ പപ്പമ്മയെ ആക്രമിക്കുന്നത് കണ്ടതോടെ തടയാന്‍ചെന്ന സഹോദരി സുചിത്രയെയും ആക്രമിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് സുചിത്ര. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തുവരികയായിരുന്നു സുധീര്‍.
എന്നാല്‍ ഒരുവര്‍ഷം മുമ്പ് ജോലിയില്‍നിന്ന് രാജിവെച്ച് വീട്ടില്‍തന്നെ ഒതുങ്ങികൂടുകയായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു. ഏഴുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം പപ്പമ്മയാണ് രണ്ടുമക്കളെയും വളര്‍ത്തിയിരുന്നത്.