അനുമതിയില്ലാതെ പുതിയ സ്മാർട്ട് ഫോൺ വാങ്ങിയതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി ഭർത്താവ്. സംഭവത്തിൽ 40കാരനായ ഭർത്താവ് രാജേഷ് ഝായെയും അക്രമികളിൽ ഒരാളയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊൽക്കത്തയുടെ തെക്കൻ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിലാണ് ക്രൂരമായ സംഭവം നടന്നത്.
രാത്രി വീടിന്റെ പ്രധാന വാതിൽ പൂട്ടാൻ പോയ ഭർത്താവ് അധികനേരമായിട്ടും മുറിയിലേയ്ക്ക് തിരികെ വരാത്തതിനെ തുടർന്ന് യുവതി അന്വേഷിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് മറിഞ്ഞിരുന്ന രണ്ട് ഗുണ്ടകൾ ചേർന്ന് യുവതിയെ ആക്രമിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തം വാർന്നൊഴുകുന്ന നിലയിൽ കണ്ട യുവതിയെ ആശുപത്രിയിലെത്തിച്ചത്.
കഴുത്തിന് സാരമായി പരിക്കേറ്റ യുവതി ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെയും ഒരു ഗുണ്ടയെയും ഇവർ പിടികൂടി. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കുറച്ച് മാസങ്ങൾക്കു മുമ്പ് ഒരു സ്മാർട്ട്ഫോൺ വേണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജേഷ് അത് നിരസിച്ചു. പിന്നീട് ട്യൂഷനെടുത്ത് കിട്ടിയ പണം ഉപയോഗിച്ച് ഈ മാസം ഒന്നാംതിയതിയാണ് യുവതി പുതിയ ഫോൺ വാങ്ങിയത്. ഇതറിഞ്ഞ് പ്രകോപിതനായ ഭർത്താവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി മൊഴി നൽകി.