തന്നെ നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ യുവാവിനെ പൊക്കിയ പൊലീസിന് നന്ദി പറഞ്ഞ് നടന്‍ ടിനി ടോം. സൈബര്‍ സെല്ലിന്റെ ഓഫിസിലിരുന്ന് ലൈവിലെത്തിയാണ് അദ്ദേഹം പൊലീസിന് നന്ദി പറഞ്ഞ് വിഡിയോ പങ്കിട്ടത്. മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടിയെന്ന് ടിനി ടോം പറഞ്ഞു. യുവാവിനെ ബ്ലോക്ക് ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്നും പരാതി നല്‍കി 10 മിനിറ്റിനുള്ളില്‍ യുവാവിനെ പിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ പയ്യനായത് കൊണ്ട് അവന്റെ ഭാവി ഓര്‍ത്ത് കേസ് നല്‍കുന്നില്ലെന്നും താരം പറഞ്ഞു. ‘മാസങ്ങളായി ഷിയാസ് എന്നു പറഞ്ഞു പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയാണ്. ആ നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ അവന്‍ അടുത്ത നമ്പറില്‍നിന്നും വിളിക്കും. ഞാന്‍ തിരിച്ച് പറയുന്നതു റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം.
ഒരുതരത്തിലും രക്ഷയില്ലെന്നു കണ്ടതോടെയാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ എത്തിയത്. 10 മിനിറ്റിനുള്ളില്‍ അവനെ കണ്ടെത്തി. ഒരു ചെറിയ പയ്യനാണ്. അവന്റെ ഭാവിയെ ഓര്‍ത്ത് ഞാന്‍ കേസ് പിന്‍വലിച്ചു. ചെറിയ മാനസിക പ്രശ്‌നമുള്ളയാളാണ് അതെന്ന് അറിയാന്‍ കഴിഞ്ഞു. ബാഹ്യമായ ഇടപെടല്‍ ഇല്ലെങ്കില്‍ മികച്ച സേനയാണ് നമ്മുടെ പൊലീസ്. എല്ലാവര്‍ക്കും നന്ദി. ഉപദ്രവിക്കാതിരിക്കൂ..’ ടിനി ടോം പറയുന്നു.