Breaking News

‘മാസ്റ്ററി’ന്‍റെ വിജയം; ‘ബീസ്റ്റി’ല്‍ പ്രതിഫലം 100 കോടിയിലേക്ക് ഉയര്‍ത്തി വിജയ്?

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ഇളയ ദളപതി വിജയ്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ് സിനിമയ്ക്ക് ആദ്യ ഹിറ്റ് നല്‍കിയത് വിജയ് ആയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ‘മാസ്റ്റര്‍’ (Master) എന്ന ചിത്രത്തിലൂടെ.

മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’ (Beast). ഈ ചിത്രത്തില്‍ തന്‍റെ പ്രതിഫലം (remuneration) വിജയ് കാര്യമായി വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 100 കോടിയാണ് ബീസ്റ്റില്‍ വിജയ്‍യുടെ പ്രതിഫലം. ചിത്രത്തിന്‍റെ ബജറ്റിന്‍റെ ഇരട്ടിയിലേറെയാണ് ഈ തുകയെന്ന് കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘മാസ്റ്ററി’ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ ഈ തുക സ്ഥിരീകരിച്ചില്ലെങ്കിലും പ്രതിഫലം വന്‍ തുകയായിരുന്നുവെന്ന് പ്രതികരിച്ചിരുന്നു. “ചിത്രത്തില്‍ അഭിനയിക്കുന്നതിന് വിജയ് സമ്മതിച്ച ഒരു പ്രതിഫലം ഉണ്ട്. അത് ഞാന്‍ നല്‍കി.

ആ തുകയില്‍ ചര്‍ച്ചയൊന്നും നടത്താന്‍ ഞാന്‍ പോയില്ല. വിജയ്‍യുമായുള്ള എന്‍റെ ബന്ധം പ്രൊഫഷണലായ ഒന്നാണ്. ആ പ്രോജക്റ്റിനെക്കുറിച്ച് ഞങ്ങള്‍ രണ്ടാള്‍ക്കും നല്ല ബോധ്യമുണ്ടായിരുന്നു”, ഒരു അഭിമുഖത്തില്‍ സേവ്യര്‍ ബ്രിട്ടോ പറഞ്ഞിരുന്നു.

അതേസമയം തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ബീസ്റ്റ്. അടുത്തിടെ വന്‍ വിജയം നേടിയ, ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടറി’നു ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് പ്രേക്ഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഒരു ഘടകം.

സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ മാസത്തില്‍ തിയറ്ററുകളിലെത്തിക്കാനാണ് ഒരുക്കം. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു, അപര്‍ണ ദാസ്, ജോണ്‍ വിജയ്, ഷാജി ചെന്‍, വിടിവി ഗണേഷ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …