എടവക പഞ്ചായത്തില്‍ ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം കൊലപാതകം. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതൃത്വം പ്രതി റഹീമിന്റെതെന്നും തെളിഞ്ഞു. എടവക മൂളിത്തോട് പളളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞതായി സൂചനയുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പ്രതി മൂളിത്തോടുകാരനായ പുതുപറമ്ബില്‍ റഹീമിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ റിമാന്റില്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതകമാണെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ പോലീസ് തയ്യാറായിട്ടില്ല.
ശക്തമായ പനിയും ചര്‍ദ്ദിയേയും തുടര്‍ന്ന് 2021 നവംബര്‍ 18 നാണ് റിനിയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ഛിചതിനെ തുടര്‍ന്ന് പിറ്റെ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കുകയും ആദ്യം ഗര്‍ഭസ്ഥ ശിശുവും പിന്നാലെ റിനിയും മരണപെടുകയായിരുന്നു. അന്ന് തന്നെ നാട്ടുകാര്‍ മരണത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. വിവാഹ മോചനകേസില്‍ നിയമനടപടി സ്വീകരിച്ചു വന്നിരുന്ന റിനി അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു.
വിവാഹ മോചന കേസിന്റെയും മറ്റ് കാര്യങ്ങള്‍ക്കായ് റിനിയുടെ കുടുംബവുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്ന മൂളിത്തോട് താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ 53 കാരനായ പുതുപറമ്ബില്‍ റഹീമിന്റെ പേര് അന്ന് തന്നെ ഉയര്‍ന്നിരുന്നു. കേസിനും മറ്റുമായി ഓട്ടോ റിക്ഷയില്‍ കൊണ്ട് പോകുമ്ബോള്‍ ജൂസില്‍ വിഷം കലര്‍ത്തി റിനിക്ക് നല്‍കിയിരുന്നു എന്ന് അന്ന്തന്നെ നാട്ടുകാര്‍
ആരോപണമുയര്‍ത്തുകയും മരണത്തില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി മുന്നോട്ട് വരികയും കല്ലോടി പള്ളി വികാരിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിക്ക് വരെ രൂപം നല്‍കുകയും ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് അന്ന് തന്നെ നവജാത ശിശുവിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു.