നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ (Conspiracy Case) പ്രോസിക്യഷന്റെ വാദങ്ങള്‍ക്ക് ഹൈക്കോടതിയില്‍ (Kerala High Court) എതിര്‍വാദങ്ങള്‍ ഫയല്‍ ചെയ്ത് നടന് ദിലീപ് (Actor Dileep). നടിയെ ആക്രമിച്ച കേസിന് ബലം പകരാന്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നും അതുകൊണ്ടുതന്നെ ജാമ്യം നല്‍കണമെന്നുമാണ് ദിലീപിന്റെ ആവശ്യം
ദിലീപിന്റെ പ്രധാന വാദങ്ങള്‍ ഇങ്ങനെ-
തനിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയല്ല. ബാലചന്ദ്രകുമാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. അദ്ദേഹം നല്കിയ ശബ്ദരേഖകളും മൊബൈല്‍ ഫോണും അടിസ്ഥാനമാക്കിയാണ് കേസിന്റെ അന്വേഷണം. പുറത്തുവിട്ട ശബ്ദരേഖകളില് പലതും അവ്യക്തവും കെട്ടിച്ചമയ്ക്കപ്പെട്ടതുമാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന വാദം അടിസ്ഥാരഹിതമാണ്.
വിചാരണക്കോടതിയുടെ വളപ്പില്‍ വെച്ച് 2017 ഡിസംബറില്‍ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ 2017 ല്‍ കേസ് പ്രത്യേക കോടതിയില്‍ എത്തിയിട്ടില്ല. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയില്‍ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് ബൈജു പൗലോസ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്.
മുന്‍ ഭാര്യ മഞ്ജു വാര്യരുടെ ഉടമസ്ഥതയിലുള്ള എം ജി റോഡ് മേത്തര്‍ ഫ്ളാറ്റില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന വാദവും തെറ്റാണ്. മഞ്ജു വാര്യര്‍ക്ക് അവിടെ ഫ്ളാറ്റില്ല. പ്രവാസി വ്യവസായിയായ സലിം താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണ് എന്ന വാദം തെറ്റാണ്. വിദേശത്തുള്ള സലിമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തി നടത്താന്‍ ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനല്‍ ഗൂഢാലോന. എന്നാല്‍ ഇത്തരത്തിലൊരു വാദം എഫ്ഐആറില്‍ പോലും മുന്നോട്ടുവച്ചിട്ടില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു. കേസില്‍ പ്രോസിക്യൂഷന്റെ ദിലീപ് അടക്കമുള്ള പ്രതികളുടെയും വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് പറഞ്ഞതോടയാണ് ഇക്കാര്യങ്ങള്‍ രേഖാമൂലം ബോധിപ്പിയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് കോടതി വിധി പ്രഖ്യാപിക്കും.