Breaking News

വയോധികയുടെ കാല്‍വിരല്‍ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയത് 1000 രൂപ; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ അറസ്റ്റില്‍…

പ്രമേഹത്താല്‍ കാഴ്‌ചക്കുറവു നേരിടുന്ന വയോധികയുടെ കാല്‍വിരല്‍ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ പണം വാങ്ങുന്നതിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ. കെ.ടി. രാജേഷിനെ (49) വിജിലന്‍സ് അറസ്റ്റുചെയ്തു. വെള്ളിയാഴ്‌ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്കു സമീപത്തെ സ്വകാര്യകെട്ടിടത്തിലെ പരിശോധനാമുറിയില്‍നിന്നാണ് മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പരിശോധനാമുറിയില്‍നിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലന്‍സ് സംഘം അറിയിച്ചു. ആലിപ്പറമ്ബ് സ്വദേശി തച്ചന്‍കുന്നന്‍ ഖദീജ (60) യുടെ ശസ്ത്രക്രിയയ്ക്കായി മകന്‍ മുഹമ്മദ് ഷമീം (30) നല്‍കിയ ആയിരം രൂപ വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. പ്രത്യേക പൊടി വിതറി നല്‍കിയ നോട്ടുകളാണ് ഡോക്ടര്‍ക്ക് ഷമീം കൊടുത്തത്. കൈകള്‍ പ്രത്യേക ലായനിയില്‍ മുക്കിയതോടെ നിറം മാറി. തുടര്‍ന്ന് ഡോക്ടറെ ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്തു.

കോട്ടയ്ക്കല്‍ കൃഷി ഓഫീസര്‍ എം.വി. വൈശാഖന്‍, കൂട്ടിലങ്ങാടി കൃഷി ഓഫീസര്‍ ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. ഇതേസമയംതന്നെ ഡോക്ടറുടെ പാതായ്‌ക്കര കാര്‍ഗിലിലെ വീട്ടില്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാറിന്റെയും ജില്ലാ ആശുപത്രിയില്‍ ഇന്‍സ്‌പെക്ടര്‍ എം. ഗംഗാധരന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഡോക്ടര്‍ കുറച്ചുവര്‍ഷമായി പെരിന്തല്‍മണ്ണയിലാണ് ജോലിചെയ്യുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …