കലൂര്‍ പാവക്കുളത്ത് കാറിടിച്ച് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ കഞ്ചാവ് കൈവശംവെച്ചതിനും കേസ്. കാറില്‍നിന്ന് കഞ്ചാവ് ബീഡികള്‍ കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് രണ്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ നിര്‍ത്താതെപോയത്. പിന്നീട് കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും ഒപ്പമുണ്ടായിരുന്നയാളെയും പിടികൂടുകയായിരുന്നു.
തൃപ്പൂണിത്തുറ സ്വദേശികളായ ജിത്തു, സോണി എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. പ്രതികളില്‍ ഒരാളുടെ സഹോദരന്റെയാണ് കാര്‍. കടവന്ത്ര ഗാന്ധിനഗര്‍ ഉദയ കോളനിയിൽ താമസിക്കുന്ന വിജയനാണ് (40) മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം നടത്തി. തോളെല്ലിനും വാരിയെല്ലിനും പരിക്കേറ്റ എളമക്കര കൊല്ലാട്ട് രാജശേഖരന് (63) സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിലാണ്.
അതേസമയം, വാഹനത്തില്‍ സ്കൂള്‍ യൂനിഫോമിലുള്ള രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന ദൃക്സാക്ഷികളുടെ മൊഴിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ തടഞ്ഞുവെക്കുമ്ബോള് പെണ്‍കുട്ടികള്‍ വാഹനത്തിലുണ്ടായിരുന്നില്ല. പാവക്കുളത്തുനിന്ന് മുന്നോട്ടുപോയശേഷം ഇവരെ കാറില്‍നിന്ന് ഇറക്കിയിട്ടുണ്ടാകുമെന്നാണ് സംശയിക്കുന്നത്.
കാറില്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് സ്ഥിരീകരിക്കാന്‍ അപകടമുണ്ടായ സ്ഥലംമുതല്‍ കാര്‍ തടഞ്ഞുവെച്ച സ്ഥലം വരെയുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. പാവക്കുളം ക്ഷേത്രത്തിനുമുന്നില്‍ ഓട്ടോറിക്ഷയിലാണ് ആദ്യം കാറിടിച്ചത്. തുടര്‍ന്ന് രാജശേഖരന് സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിലിടിച്ച കാര്‍ ഉന്തുവണ്ടിയുമായ പോയ വിജയനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.