ഭർത്താവിന് വൃക്ക പകുത്തുനൽകി ചേർത്ത് പിടിച്ചപ്പോൾ ചങ്ങനാശേരി സ്വദേശി പി.എ.സിദ്ദിഖിന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റിയത് ഫൗസിയെ തകർത്തു. എങ്കിലും ആ വേദനയിലും സിദ്ധിഖിന് താങ്ങും തണലുമായി നിൽക്കുകയാണ് ഫൗസിയ. ‘ആയുസ്സുണ്ടെങ്കിൽ ഞങ്ങൾ ഒരുമിച്ച് ജീവിക്കും, സുഖത്തിലും ദുഃഖത്തിലുമെന്ന് ഭർത്താവിന്റെ കരങ്ങൾ പിടിച്ച് ഫൗസിയ പറഞ്ഞു. സിദ്ധിഖിന്റെ ജീവിതത്തിലേക്കു 18 വർഷം മുൻപാണ് വയനാട് സ്വദേശി ഫൗസിയ വന്നത്.
സിദ്ദിഖും ഫൗസിയയുടെ സഹോദരീഭർത്താവും കോഴിക്കോട് സ്വദേശിയുടെ വാഹനത്തിൽ ഡ്രൈവർമാരായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേയ്ക്ക് എത്തിയത്. 2011ൽ സിദ്ദിഖ് പ്രമേഹബാധിതനായി. ഇരു വൃക്കകളും തകരാറിലായി. 2 കുഞ്ഞുമക്കളെ ചേർത്തുപിടിച്ച് ഫൗസിയ തന്റെ വൃക്കകളിൽ ഒന്ന് ഭർത്താവിന് നൽകാൻ തീരുമാനിച്ചു. ചികിത്സയ്ക്കായി വീടും പറമ്പും വിറ്റു. സിദ്ദിഖ് പൂർണ ആരോഗ്യത്തോടെ തിരിച്ചെത്തിയാൽ കടം വീട്ടാമെന്നായിരുന്നു പ്രതീക്ഷ.
തുടർന്ന് ആരോഗ്യവാനായി എത്തിയ സിദ്ദിഖ് 2017 വരെ വീണ്ടും ഡ്രൈവിങ് ജോലിക്ക് പോയി. 2018ന്റെ തുടക്കത്തിൽ സിദ്ദിഖിന്റെ കാലിനായിരുന്നു വേദന. വീര്യമേറിയ മരുന്നുകൾ കഴിക്കുന്നതിനാൽ രക്തയോട്ടം തടസ്സപ്പെടുന്നതായിരുന്നു പ്രശ്‌നം. ഇടതുകാലിന്റെ വിരലുകൾ മുറിച്ചുമാറ്റി. മുറിവ് ഉണങ്ങിയതോടെ ലോറിയിൽ സഹായിയായി പോയി സിദ്ദിഖ് തന്റെ കുടുംബം പോറ്റി.
കഴിഞ്ഞ വർഷം വലതുകാൽ മുട്ടു വരെ മുറിച്ചു മാറ്റേണ്ടി വന്നതോടെ ജീവിതം ആകെ തകിടം മറിഞ്ഞു. ഇതോടെ സിദ്ധിഖ് വീൽചെയറിലായി. കഴിഞ്ഞ ദിവസം വീണ്ടും ഇൻഫക്ഷൻ ഉണ്ടായതോടെ പെരുന്നയിലെ സ്വകാര്യ ആശുപത്രിയിലാണ്. ഒരു മാസം മരുന്നിനു മാത്രം 13,000 രൂപ വേണം. പ്ലസ് വൺ, 8 ക്ലാസുകളിലാണു മക്കൾ പഠിക്കുന്നത്. ഇപ്പോൾ വാടകവീട്ടിലാണു താമസം. സഹോദരങ്ങളും സുഹൃത്തുക്കളുമാണ് ഇതുവരെ സഹായിച്ചത്.