ചങ്ങനാശേരി വാകത്താനത്ത് വീട്ടിലെത്തിയ പതിമൂന്നുകാരിയെ കടന്നു പിടിച്ച 78കാരന് അഞ്ചുവര്‍ഷം കഠിന തടവും കാല്‍ ലക്ഷം രൂപ പിഴയും. പോക്‌സോ കേസിലാണ് വാകനത്താനം സ്വദേശിയായ വയോധികനെ ചങ്ങനാശേരി അഡീഷണല്‍ സെഷന്‍സ് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
തൃക്കോതമംഗലം കല്ലുവെട്ടാംകുഴിയില്‍ വിജയനെയാണ് ചങ്ങനാശേരി അഡീഷണല്‍ സെന്‍ഷസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി ജി പി ജയകൃഷ്ണന്‍ ശിക്ഷിച്ചത്. 2020 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു പ്രതി വിജയന്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ അസുഖബാധിതനായി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയായിരുന്നു.
അച്ഛനൊപ്പം കുട്ടിയുടെ അമ്മയും ആശുപത്രിയിലാണ്. ആശുപത്രിയില്‍ കിടക്കുന്ന അമ്മയെയും അച്ഛനെയും വിവരം തിരക്കുന്നതിനു വേണ്ടി പ്രതിയുടെ വീട്ടിലെത്തിയാണ് കുട്ടി ഫോണ്‍ ചെയ്തിരുന്നത്. സംഭവ ദിവസം കുട്ടി വീട്ടിലെത്തുമ്ബോള്‍ പ്രതിയായ വിജയന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി വീട്ടിലെത്തിയതും വിജയന്‍ ഫോണ്‍ നല്‍കാമെന്നു പറഞ്ഞ് വീടിനുള്ളിലേയ്ക്കു വിളിച്ചുകയറ്റി.
തുടര്‍ന്നു കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നു പിടിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ ഇയാള്‍ പിടി വിട്ടു. തുടര്‍ന്നു, കുട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങി ഓടിരക്ഷപെട്ടു. തുടര്‍ന്നു പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇവര്‍ സ്ഥലത്ത് എത്തിയ ശേഷം വാകത്താനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വാകത്താനം സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന ഇന്‍സ്‌പെക്ടര്‍ കെ പി തോംസണിന്റെ നേതൃത്വത്തില്‍ കേസെടുക്കുകയായിരുന്നു. വാകത്താനത്തെ സീനിയര്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ടി ടി ശ്രീവിദ്യയുടെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിജയനെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ.പി എസ് മനോജ് കോടതിയില്‍ ഹാജരായി.