Breaking News

ആര്യ രാജേന്ദ്രന്‍ മോഡലില്‍ പൊങ്കാല ശുചീകരണം; സീറോ ബജറ്റില്‍ ശുചീകരണം നടത്തി തിരുവനന്തപുരം നഗരസഭ ചരിത്രത്തിലേക്ക്…

ആര്യ രാജേന്ദ്രന്‍ മോഡലില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനം നടത്തി തിരുവനന്തപുരം നഗരസഭ ചരിത്രത്തിലേക്ക്. ശുചീകരണം സീറോ ബജറ്റിലാണ് നടപ്പാക്കിയതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ വിപുലമായി പൊങ്കാല നടക്കുമ്പോള്‍ 30 ലക്ഷത്തോളം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാകാറുണ്ടായിരുന്നു.

ഇത്തവണ അത് സീറോ ബജറ്റില്‍ പൂര്‍ത്തിയാക്കി ചരിത്രമെഴുതിയിരിക്കുകയാണെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങള്‍ നീക്കം ചെയ്ത് മുന്‍കാലങ്ങളില്‍ നഗരസഭ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. എന്നാലത് സീറോ ബജറ്റിലായിരുന്നില്ല.

ഇത്തവണ പുതിയൊരു പരീക്ഷണത്തിന് ഭരണസമിതി തയ്യാറായി. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് സീറോ ബജറ്റില്‍ ശുചീകരണം നടത്തിയതെന്നും ആര്യ പറഞ്ഞു.

ആര്യയുടെ ഫേസ്ബുക്ക് കുറിപ്പ്:

#സീറോബഡ്ജറ്റ്ല്‍ ആറ്റുകാല്‍ പൊങ്കാല ശുചീകരണം നടത്തി ചരിത്രമെഴുതുകയാണ് ഇത്തവണ തിരുവനന്തപുരം നഗരസഭ.

ഇപ്രാവശ്യത്തെ പൊങ്കാല മഹോത്സവം കഴിഞ്ഞ് പൊങ്കാലയുടെ മാലിന്യങ്ങള്‍ നഗരസഭ സമയബന്ധിതമായി തന്നെ നീക്കം ചെയ്തു. ഒറ്റദിവസം കൊണ്ട് പൊങ്കാല മാലിന്യങ്ങള്‍ നീക്കം ചെയ്ത് മുന്‍കാലങ്ങളില്‍ നമ്മുടെ നഗരസഭ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. ഇത്തവണ അത് സീറോ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കി ചരിത്രമെഴുതിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ വിപുലമായി പൊങ്കാല നടക്കുമ്പോള്‍ 30 ലക്ഷത്തോളം രൂപ ഇതിനായി ചിലവാകാറുണ്ടായിരുന്നു.

വാഹനങ്ങളും, തൊഴിലാളികളും പണിയാധുങ്ങളും ഭക്ഷണവുമടക്കം ഭാരിച്ച ചിലവാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ വിഷയത്തില്‍ ചില തല്പരകക്ഷികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത്തവണ പുതിയൊരു പരീക്ഷണത്തിന് ഭരണസമിതി തയ്യാറായി. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ

‘ #സീറോബഡ്ജറ്റ്’ ശുചീകരണം പൂര്‍ത്തിയാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിനായി 5 യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തു. തുടര്‍ന്ന് നഗരസഭയുടെ മുഴുവന്‍ ജീവനക്കാരെയും മുന്‍നിശ്ചയിച്ച കേന്ദ്രങ്ങളില്‍ വിന്യസിക്കുകയായിരുന്നു ആദ്യപടി. ഓരോ സ്ഥലത്തും വോളന്റിയര്‍മാരെയും നിയോഗിച്ചു. ശുചീകരണത്തിനാവശ്യമായ ഉപകരണങ്ങളടക്കം വിവിധ സന്നദ്ധ സംഘടനകള്‍ നല്‍കി. നഗരസഭയുടെ എല്ലാ വാഹനങ്ങളും ഇവിടങ്ങളില്‍ കേന്ദ്രീകരിച്ചു.

കൂടാതെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്നും ടിപ്പര്‍ ഓണേഴ്‌സ് അസോസിയേഷനും വാഹനങ്ങള്‍ വിട്ട് നല്‍കി. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തകരും എന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകരും ഈ ഉദ്യമത്തിന് പിന്തുണയുമായി കൈകോര്‍ത്തു. പൊങ്കാല ഇടുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ഈ സംവിധാനങ്ങളെ ഫലപ്രദമായി വിന്യസിച്ചു. ഭക്ഷണം ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്റെ വകയായി വിതരണം ചെയ്തു.

301 പോയിന്റുകളില്‍ നിന്നായി 38.312 ടണ്‍ മാലിന്യം നീക്കം ചെയ്തു. 787 നഗരസഭാ ജീവനക്കാര്‍ 60 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും 14 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ശുചീകരണത്തില്‍ പങ്കാളികളായി. മേല്‍ സൂചിപ്പിച്ച വോളന്റിയര്മാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നപ്പോള്‍ പൊങ്കാല ശുചീകരണം ചരിത്രമായി മാറുകയായിരുന്നു.

 

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …