Breaking News

പടക്കംപൊട്ടുന്ന ശബ്ദം കേള്‍പ്പിക്കാന്‍ സൈലന്‍സറില്‍ കൃത്രിമത്വം ; മോട്ടോര്‍വാഹന വകുപ്പിന്റെ കൈയ്യില്‍പ്പെട്ടത് നൂറുകണക്കിന് ഫ്രീക്കന്‍മാര്‍

മോട്ടോര്‍വാഹന വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൈലന്‍സ്’ നീക്കത്തില്‍ കുടുങ്ങിയത് നൂറു കണക്കിന് ഫ്രീക്കന്മാര്‍. മറ്റ് യാത്രക്കാര്‍ക്ക് അരോചകമാകും വിധം കാതടപ്പിക്കുന്ന ശബ്ദവും, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകളും ഉപയോഗിക്കുന്നവരാണ് കുടുങ്ങിയവരില്‍ ഏറെയും. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും നടത്തുന്ന പരിശോധനയില്‍ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.

എറണാകുളം ജില്ലയില്‍ നാലു മണിക്കൂര്‍ നടത്തിയ വാഹനപരിശോധനയില്‍ 204 നിയമലംഘനങ്ങള്‍ കണ്ടെത്തി കേസെടുത്തു. 6.11 ലക്ഷം രൂപ പിഴയും ഈടാക്കി. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. ഇരുചക്ര വാഹനങ്ങളുടെ ശബ്ദംകൂട്ടാന്‍ പുകക്കുഴലില്‍ കൃത്രിമത്വം കാട്ടിയ 54 യുവാക്കള്‍ക്കും പിടിവീണു. സാധാരണഗതിയില്‍ 92 ഡെസിബല്‍വരെ ശബ്ദമേ ബൈക്കുകള്‍ക്കും ബുള്ളറ്റുകള്‍ക്കും പാടുള്ളൂ.

ഇത്തരം ബൈക്കുകള്‍ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കും. 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് ഏറെയും കുടുങ്ങിയത്. സൈലന്‍സറില്‍ കൃത്രിമത്വം കാണിച്ചാണ് പടക്കംപൊട്ടുന്ന ശബ്ദം കേള്‍പ്പിക്കുന്നത്. പിഴ ചുമത്തിയശേഷം ഒരാഴ്ചയ്‌ക്കുള്ളില്‍ സൈലന്‍സറുകള്‍ മാറ്റി ആര്‍.ടി. ഓഫീസുകളില്‍ വാഹനം ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ച്‌ കൊച്ചിയില്‍ ആറ് സ്‌ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്.

ഹെല്‍മെറ്റില്ലാതെ യാത്രചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച്‌ സര്‍വീസ് നടത്തിയ ലോറികള്‍ വരെ കുടുങ്ങി. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ പരിശോധനകളില്‍ 402 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പിഴയായി 10,16,400 രൂപ ഇടാക്കി . വാഹനങ്ങളുടെ രൂപമാറ്റം നീക്കം ചെയ്തില്ലെങ്കില്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്കു കടക്കുമെന്ന് എന്‍ഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …