ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍. അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ വിശദീകരണം. എന്നാല്‍ ഇവരെയെല്ലാം പ്രതിസന്ധിയിലാക്കിയാണ് അവസാന നിമിഷം രാഹുല്‍ ഗാന്ധിയുടെ നീക്കം. ഇതോടെ കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് അന്നേറ്റ പരാജയത്തിന്റെ ഭീതി ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലെന്നാണ് ബിജെപി പറയുന്നത്.
സ്മൃതി ഇറാനിയോടായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടത്. അമേഠിയിലെ പരാജയം മണത്ത കോണ്‍ഗ്രസ് രാഹുലിനെ കേരളത്തില്‍ നിന്നുള്ള ഉറച്ച സീറ്റായ വയനാട്ടിലും മത്സരിപ്പിച്ചിരുന്നു. നിലവില്‍ ഇവിടെനിന്നുള്ള എംപിയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍.