യുക്രെയിനില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെല്‍റ്റ് ബഹുമതി നീക്കം ചെയ്തു. 2013 നവംബറിലാണ് പുടിന് ബ്ലാക്ക് ബെല്‍റ്റ് നല്‍കി ആദരിച്ചത്. തായ്‌ക്വോണ്ടോ കായിക വിനോദത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് തായ്‌ക്വോണ്ടോയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
യുക്രെയിനിലെ നിരപരാധികളെ ക്രൂരമായി ആക്രമിക്കുന്നതില്‍ ശക്തമായി അപലപിക്കുന്നതായും റഷ്യ-യുക്രെയിന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടന അറിയിച്ചു. റഷ്യയിലും ബലാറസിലും തായ്‌ക്വോണ്ടോ ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും സംഘടന തീരുമാനിച്ചു. ‘വിജയത്തെക്കാള്‍ വിലയേറിയതാണ് സമാധാനം’
എന്ന ലോക തായ്‌ക്വോണ്ടോ ദര്‍ശനത്തിനും ഇവയുടെ മൂല്യങ്ങള്‍ക്കും എതിരായാണ് റഷ്യ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും സംഘടന പ്രസാതാവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് റഷ്യയെ മത്സരിപ്പിക്കുന്നത് വിലക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.