Breaking News

യുക്രൈന്‍ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം; സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്ത്

യുക്രൈന്‍ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം. കൂടുതല്‍ റഷ്യന്‍ സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്തു വന്നു. 65 കിലേമീറ്റര്‍ നീളത്തിലാണ് വാഹന വ്യൂഹം കിയവിലേക്ക് നീങ്ങുന്നത്. വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍, സപ്പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയുടെ വിപുലമായ വാഹനവ്യൂഹത്തെയാണ് കാണാന്‍ കഴിയുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തില്‍ ആറാം ദിവസവും യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. ഖാര്‍കീവില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ലക്ഷ്യമിട്ട് സ്‌ഫോടനം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യുക്രൈന്‍ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും റഷ്യ ശക്തമാക്കി.

അതേസമയം ഫിന്‍ലന്‍ഡ്, ലിത്വാനിയ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. യുക്രൈന്‍ പ്രതിരോധത്തിന് മുന്നില്‍ റഷ്യ മുട്ടുകുത്തിയെന്നാണ് അമേരിക്കന്‍ വാദം. എന്നാല്‍ വ്യോമമേഖല കീഴടക്കിയെന്നും തന്ത്രപ്രധാന നഗരങ്ങളുടെ നിയന്ത്രണം ഉടന്‍ പിടിച്ചെടുക്കുമെന്നും റഷ്യ അവകാശപ്പെടുന്നു. സാധാരണ ജനങ്ങളെ യുക്രൈന്‍ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും റഷ്യ ആരോപിച്ചു.

വരുന്ന 24 മണിക്കൂര്‍ യുക്രൈനിന് നിര്‍ണായകമാണെന്ന് പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലിനിടെ സ്‌നേക് ഐലന്‍ഡില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ സൈനികര്‍ ജീവനോടെയുണ്ടെന്ന് യുക്രൈന്‍ നാവിക സേന സ്ഥിരീകരിച്ചു . ഇവരെ റഷ്യന്‍ സൈന്യം ബന്ദികളാക്കിയിരിക്കുകയാണെന്നാണ് വിവരം. യുദ്ധത്തില്‍ 14 കുട്ടികള്‍ ഉള്‍പ്പെടെ 352 സാധാരണക്കാര്‍ മരിച്ചെന്നാണ് യുക്രൈന്‍ കണക്ക്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …