ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ഓട്ടോ റിക്ഷാ തൊഴിലാളിയായ തൃശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് വിജയന് കനത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
8 വര്‍ഷം മുന്‍പ് ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് മകന്റെ വിവാഹ ആവശ്യത്തിനായാണ് നാലര ലക്ഷം രൂപ വിജയന് വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മകന് അസുഖ ബാധിതനായതിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലായി. കനത്ത സാമ്ബത്തിക പ്രതിസന്ധി മൂലം ബാങ്കിലെ വായ്പ തിരിച്ചടവ് മുടങ്ങി.
ഇതോടെ പലിശ സഹിതം വായ്പ കുടിശിക എട്ടര ലക്ഷം രൂപയായി. കോവിഡ് മൂലം ഓട്ടം കുറഞ്ഞതോടെ വരുമാനം ഇല്ലാതെ നിത്യചെലവിന് പോലും പണം തികഞ്ഞിരുന്നില്ല. ബില്ല് അടയ്ക്കാത്തതിനാല്‍ വൈദ്യുതി കണക്ഷന് വിച്ഛേദിക്കുന്ന അവസ്ഥ വരെ എത്തി. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് ലോണ്‍ തിരിച്ചടയ്ക്കാനുള്ള നോട്ടീസ് ലഭിക്കുന്നത്.
ഈ മാസം 25 നകം പണം തിരിച്ചടയ്ക്കാനാണ് ബാങ്കില്‍ നിന്ന് ലഭിച്ച നിര്‍ദേശം. ഇതോടെ വിജയന് മാനസികമായി തളര്‍ന്നു. വീടിന് പിന്നിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി വിജയന് ജീവനൊടുക്കുകയായിരുന്നു. വിജയന്റെ മരണ ശേഷം
ബാക്കിയായ വായ്പ കുടിശ്സിക എങ്ങനെ അടച്ചുതീര്‍ക്കുമെന്നതിനെ കുറിച്ച് കുടുംബത്തിന് അറിയില്ല. അതേസമയം മാര്‍ച്ച് 31നകം വായ്പ തിരിച്ചടച്ചാല്‍ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ 1200 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.