‘ഒരുത്തി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള നടന്‍ വിനായകന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. സിനിമയില്‍ നിന്നുവരെ നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു. വിനായകന്‍ മഹാ അപമാനമാണെന്നും മഹാ പരാജയമാണെന്നും ശാരദക്കുട്ടി കുറിച്ചു.
‘ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പ്പത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ മഹാ അപമാനമാണ്. മഹാ പരാജയമാണ്.
ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകര്‍ത്താക്കള്‍ വീട്ടില്‍ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്. അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം. മഹാനാണക്കേട്. കലാകാരനാണത്രേ.’ ശാരദക്കുട്ടി കുറിച്ചു.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നത് അടക്കം വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്‍, ഹരീഷ് പേരടി ഉള്‍പ്പടെയുള്ളവര്‍ വിനായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY