ഡല്‍ഹിയില്‍ ബുധനാഴ്ച 299 പുതിയ കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തി – ഇന്നലെ (202) മുതല്‍ ഏകദേശം 50 ശതമാനം വര്‍ധനയാണ് എണ്ണത്തില്‍ കാണിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി സ്ഥിരമായ ഇടിവ് രേഖപ്പെടുത്തിയതിനു ശേഷമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടാന്‍ തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പകര്‍ച്ചവ്യാധി മൂലമുള്ള മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.
മഹാമാരിയുടെ മൂന്നാം തരംഗത്തില്‍ ഈ വര്‍ഷം ജനുവരി 13ന് ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 28,867 എന്ന റിക്കാര്‍ഡില്‍ എത്തിയിരുന്നു. ജനുവരി 14ന് നഗരം 30.6 ശതമാനം പോസിറ്റിവിറ്റി നിരക്കും രേഖപ്പെടുത്തി. മൂന്നാം തരംഗത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒമിക്രോണ്‍ വകഭേദത്തിന്‍റെ വ്യാപനമാണ് ഇതിനു കാരണമായി മാറിയത്.
കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹി അടുത്തിടെ മാസ്ക് ധരിക്കാത്തതിനു ചുമത്തിയിരുന്ന പിഴ ഒഴിവാക്കിയിരുന്നു. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അഥോറിറ്റി ഔദ്യോഗികമായി മാസ്കുകള്‍ നിര്‍ബന്ധമല്ലെന്നു പറഞ്ഞിട്ടില്ലെങ്കിലും 500 രൂപ പിഴ ചുമത്തുന്നത് ഒഴിവാക്കുകയായിരുന്നു.