കൂട്ടുകാരികളായ രണ്ടു പെൺകുട്ടികൾ വിഷക്കായ കഴിച്ചു, ഒരാൾ മരിച്ചു. രണ്ടാമത്തെ പെൺകുട്ടി ഗുരുതരനിലയിൽ ആശുപത്രിയിൽ കഴിയുകയാണ്. തലയോലപ്പറമ്പ് സ്വദേശിനി കൃഷ്ണമോൾ (18) ആണ് മരിച്ചത്. അതേസമയം, കൃഷ്ണമോളുടെ കൂട്ടുകാരി ഇറുമ്പയം സ്വദേശിനി (18) മരണത്തോട് മല്ലടിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഒന്നര വർഷം മുൻപുണ്ടായ പോക്സോ കേസിലെ അതിജീവിതയാണ് ഇറുമ്പയം സ്വദേശിനി.
തിങ്കളാഴ്ച ഇറുമ്പയം സ്വദേശിനിയും ചൊവ്വാഴ്ച കൃഷ്ണമോളും വിഷക്കായ കഴിച്ചു. ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതിന്റെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. രണ്ടു പേരും ഒരുമിച്ച് ഞായറാഴ്ച തലയോലപ്പറമ്പിൽ സിനിമയ്ക്കു പോയിരുന്നു. കൃഷ്ണമോളുടെ വീട്ടിലേക്കാണ് ഇവർ തിരിച്ചെത്തിയത്. വീടിനു മുൻവശത്തെ റോഡിൽ ഇരുവരും ഡാൻസ് കളിച്ചെന്നും ഇതു കണ്ട ബന്ധു വഴക്കു പറയുകയും തല്ലുകയും ചെയ്തെന്നും കൃഷ്ണമോൾ സഹപാഠികളോട് വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് കൃഷ്ണമോൾ കൈ മുറിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നു.
പിന്നാലെ തിങ്കളാഴ്ച വൈകുന്നേരം കൂട്ടുകാരിയെ വിഷക്കായ കഴിച്ച നിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ കൃഷ്ണമോളും അതെ വിഷക്കായ കഴിക്കുകയായിരുന്നു. കൃഷ്ണമോളെയും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ പുലർച്ചയോടെയാണ് കൃഷ്ണ മരണത്തിനു കീഴടങ്ങിയത്.
വീടിനു സമീപത്തെ മരത്തിൽ നിന്ന് രണ്ടുപേരും പറിച്ചെടുത്തതാണ് വിഷക്കായയെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തിയിൽ ഫാഷൻ ഡിസൈനിങ് ഒന്നാം വർഷ വിദ്യാർഥിനിയാണ് കൃഷ്ണമോൾ. കഴിഞ്ഞ ഏപ്രിൽ 7ന് കൃഷ്ണമോളെയും ഇറുമ്പയം സ്വദേശിനിയെയും കാണാതായതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ അടുത്ത ദിവസം ഇരുവരും മടങ്ങിയെത്തി.