സൈബര്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ടിവരുമെന്ന് പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീടു വിട്ടുനല്കിയെന്ന കേസില്‍ അറസ്റ്റിലായ രേഷ്മയുടെ കുടുംബം. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ട്. സൈബര്‍ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും തങ്ങള്‍ക്കു മുന്പില് വേറെ വഴിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
അയല്ക്കാരന് കൂടിയായ കേരളത്തിന്റെ മുഖ്യമന്ത്രിയെ തങ്ങള്‍ക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു വിശദമായ പരാതി മുഖ്യമന്ത്രിക്കു നല്‍കിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണു വിശ്വാസം. തങ്ങള്‍ക്കു പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
രേഷ്മയെ അപമാനിക്കുന്ന തരത്തിലുള്ള സിപിഎം നേതാവ് കാരായി രാജന് അടക്കമുള്ളവരുടെ ഫെയ്സ്ബുക് പോസ്റ്റുകളുടെ പകര്‍പ്പു കൂടി ഉള്‍പ്പെടുത്തി കുടുംബാംഗങ്ങള്‍ ഇന്നലെ മുഖ്യമന്ത്രിക്കു പരാതി അയച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന് നടത്തിയ അധിക്ഷേപ പരാമര്‍ശവും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എം.വി.ജയരാജന് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നു പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.