കേരളത്തില്‍ കണ്ടക്ടറും ക്ലീനറും ഇല്ലാതെ യാത്രക്കാരെ വിശ്വസിച്ച് സര്‍വീസ് ആരംഭിച്ച ‘കാടന്‍കാവില്‍’ ബസ് വീണ്ടും ഓടിത്തുടങ്ങും. മോട്ടോര്‍ വാഹന വകുപ്പ് സര്‍വ്വീസ് വിലക്കിയ ബസ് നാളെ മുതല്‍ കണ്ടക്ടറേയും ക്ലീനറേയും വെച്ച് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഉടമ തോമസ് കാടന്‍കാവില്‍ അറിയിച്ചു.
സമ്മര്‍ദിത പ്രകൃതിവാതകം (സിഎന്‍ജി) ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ മൂന്നാമത്തെയും ബസാണ് ഇത്. സര്‍വ്വീസ് ലാഭത്തിലാക്കാമെന്ന ആലോചനയിലാണ് കണ്ടക്ടറും ക്ലീനറുമില്ലാതെ സര്‍വ്വീസ് നടത്താന്‍ തീരുമാനിച്ചത്. പ്രതിസന്ധി നിറഞ്ഞ പുതിയ കാലഘട്ടത്തില്‍ അത് അനിവാര്യമാണ്. എന്നാല്‍ നിയമം അനുസരിക്കണമല്ലോയെന്ന് ബസ് ഉടമ തോമസ് കാടന്‍കാവില്‍ പറഞ്ഞു.
‘നമുക്ക് വാശിയൊന്നുമില്ല. നിയമം അനുസരിക്കും. പുതിയ ആശയം മുന്നോട്ട് വെച്ചതായിരുന്നു. അത് ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പ് ഇടപെട്ടതോടെ സര്‍വ്വീസ് നിര്‍ത്തി. നാളെ മുതല്‍ കണ്ടക്ടറെ വെച്ച് സര്‍വ്വീസ് നടത്തും.’ തോമസ് കാടന്‍കാവില്‍ പറയുന്നു.
‘സര്‍വ്വീസ് ലാഭത്തിലാക്കാമെന്ന ആലോചനയിലാണ് കണ്ടക്ടറും ക്ലീനറുമില്ലാതെ സര്‍വ്വീസ് നടത്താന്‍ തീരുമാനിക്കുന്നത്. ഈ കാലഘട്ടത്തില്‍ അത് അനിവാര്യമായിരുന്നു. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതില്‍ ഞാനും തൃപ്തനായിരുന്നു. എന്നാല്‍ നിയമം അതല്ലല്ലോ പറയുന്നത്. പുതിയ കാലത്ത് നിയമത്തില്‍ പരിഷ്‌കാരം വരുത്തുന്ന കാര്യങ്ങളെല്ലാം സര്‍ക്കാരല്ലേ തീരുമാനിക്കേണ്ടത്.
കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച്ചയാണ് ജില്ലയിലെ ആദ്യ സിഎന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും കൃത്യമായി സര്‍വ്വീസ് നടത്തിയിരുന്നു. കണ്ടക്ടര്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ച ബോക്സില്‍ യാത്രാ ചാര്‍ജ് നിക്ഷേപിക്കുന്ന തരത്തിലായിരുന്നു പരീക്ഷണ സംവിധാനം. പണമില്ലാത്തവര്‍ക്കും യാത്ര ചെയ്യാം. പൈസ തൊട്ടടുത്ത ദിവസങ്ങളില്‍ നിക്ഷേപിച്ചാല്‍ മതിയാവും.
എന്നാല്‍ കണ്ടക്ടര്‍ ഇല്ലാതെ നടത്തുന്ന ബസ് സര്‍വ്വീസിനെതിരെ ചിലര്‍ പരാതി നല്‍കുകയായിരുന്നു. ബുധനാഴ്ച്ച കാലത്ത് സര്‍വ്വീസ് നിര്‍ത്തണം എന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നിര്‍ദേശം വന്നു, കണ്ടക്ടര്‍ ഇല്ലാതെ സര്‍വ്വീസ് നടത്തുന്നത് നിയമ ലംഘനമാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഉടമ പറയുന്നു.
വടക്കഞ്ചേരിയില്‍ നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സര്‍വീസുകള്‍ നടത്തുന്നത്. പുതിയ പരീക്ഷണം തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ഭീതിയിലായിരിക്കാം പരാതിപ്പെട്ടതെന്നാണ് സംശയം.