തമിഴ്നാട് കല്ലാക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. സമരക്കാര്‍ പോലീസ് വാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ചു. കല്ലാക്കുറിച്ചി ജില്ലയിലെ ചിന്ന സേലത്തിനു സമീപം കനിയമൂരിലെ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂളിനെതിരെയാണ് പ്രതിഷേധം.
പ്രതിഷേധക്കാര്‍ ചിന്ന സേലം-കല്ലാക്കുറിച്ചി റോഡ് ഉപരോധിച്ചു. സ്കൂളിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസിന്റെ ബാരിക്കേഡ് മറികടക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. പോലീസിനു നേരെ കല്ലേറുമുണ്ടായി. സ്കൂള്‍ വളപ്പിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാര്‍ സ്കൂള്‍ ബസുകള്‍ക്ക് തീയിട്ടു. ഒരു പോലീസ് ബസിനും തീവച്ചു.
സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് രണ്ട് തവണ ആകാശത്തേക്ക് വെടിവച്ചു. കല്ലേറില്‍ വില്ലുപുരം റേഞ്ച് ഡിഐജി എം. പാണ്ഡ്യനടക്കം ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ജീവനൊടുക്കിയത്.
മരണത്തില്‍ ദുരൂഹത ആരോപിച്ച് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങളും ബന്ധുക്കളും തയാറായിരുന്നില്ല. പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഏതാനും ദിവസങ്ങളായി സമരത്തിലായിരുന്നു.