ജിദ്ദ: രാജ്യത്ത് വീണ്ടും കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി. രണ്ടാംഘട്ട മഴ പെയ്യിക്കാനുള്ള ഒരുക്കമാണിത്. അസീര്‍, അല്‍ബാഹ, ത്വാഇഫ് എന്നിവയുള്‍പ്പെടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഈ ഘട്ടത്തില്‍ മഴ പെയ്യിക്കുന്നത്. ‘ക്ലൗഡ് സീഡിങ് പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഒരുക്കം പൂര്‍ത്തിയായതായി കാലാവസ്ഥ നിരീക്ഷണ ദേശീയ കേന്ദ്രം സി.ഇ.ഒ അയ്മന് സാലിം ഗുലാം അറിയിച്ചു.
ഈ വര്‍ഷം ഏപ്രിലിലാണ് ആദ്യഘട്ട മഴപെയ്യിക്കല്‍ നടത്തിയത്. അത് റിയാദ്, ഖസീം, ഹാഇല്‍ മേഖലകളിലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തേത്. പ്രവര്‍ത്തനങ്ങളുടെ വിജയവും പദ്ധതി ലക്ഷ്യങ്ങളുടെ നേട്ടവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ഏകോപിപ്പിച്ച് സമയബന്ധിത പദ്ധതിയായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മന്ത്രിസഭ യോഗം അംഗീകരിച്ചതും ദേശീയ, പ്രാദേശിക സംരംഭങ്ങളുടെ പാക്കേജിന്റെ ഭാഗമായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ‘ഗ്രീന്‍ മിഡില്‍ ഈസ്റ്റ്’ ഉച്ചകോടിയില്‍ പ്രഖ്യാപിച്ചതുമായ പദ്ധതിയാണിത്.
മഴയുടെ തോത് വര്‍ധിപ്പിക്കുക, പുതിയ ജലസ്രോതസ്സ് കണ്ടെത്തുക, ഹരിതപ്രദേശങ്ങളും വനവത്കരണവും വര്‍ധിപ്പിക്കുന്നതിനും മരുഭൂവത്കരണം കുറക്കുന്നതിനുമുള്ള പരിപാടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, ഈ രംഗത്ത് സ്വദേശികളായ വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണിത്.