Breaking News

ലോകത്തിലെ ഏറ്റവും ‘സുന്ദരിയായ മമ്മി’ ഈ പെണ്‍കുട്ടിയാണ്; കാണാനെത്തുന്നത് ആയിരങ്ങള്‍

ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മിയെന്ന വിശേഷണം ഒരു പെണ്‍കുട്ടിക്കാണ്. 100 വര്‍ഷം മുമ്ബ് മരിച്ച രണ്ടുവയസുകാരി റോസാലിയ ലോംബാര്‍ഡോ ആണ് ഈ മമ്മി സുന്ദരി. 1920 ഡിസംബര്‍ രണ്ടിന്, ന്യുമോണിയ ബാധിച്ച്‌ രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്ബായിരുന്നു അവളുടെ മരണം. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ മൂലമാണ് അവള്‍ക്ക് ന്യുമോണിയ ഉണ്ടായതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇറ്റലിയിലെ വടക്കന്‍ സിസിലിയില്‍ പലേര്‍മോയിലെ കപ്പൂച്ചിന്‍ ഭൂഗര്‍ഭ കല്ലറയിലാണ് റൊസാലിയയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ ഒരു കണ്ണാടി ശവപ്പെട്ടിയില്‍ വിശ്രമിക്കുന്ന റൊസാലിയോയെ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് വര്‍ഷംതോറും എത്തുന്നത്. റൊസാലിയയുടെ മൃതശരീരം നശിക്കുന്നത് തടയാന്‍ ശവപ്പെട്ടിയില്‍ നൈട്രജന്‍ നിറച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

റോസാലിയ ഒരു പ്രേതബാധയുള്ള പെണ്‍കുട്ടിയാണെന്ന് അവകാശപ്പെടുന്ന നിരവധി സിദ്ധാന്തങ്ങള്‍ സിസിലിയില്‍ വ്യാപകമാണ്. ചില വിനോദസഞ്ചാരികള്‍ക്കുനേരെ അവള്‍ കണ്ണുചിമ്മിയതായിവരെ കഥകള്‍ പ്രചരിക്കുന്നുണ്ട്. നിലവില്‍ ഈ കപ്പൂച്ചിന്‍ ഭൂഗര്‍ഭ കല്ലറ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരെ കണ്ടുമുട്ടുന്ന സ്ഥലമായി കണക്കാക്കപ്പെടുന്ന കപ്പൂച്ചിന്‍ കല്ലറയില്‍ ഏകദേശം 8,000 മൃതദേഹങ്ങളും 1,284 മമ്മികളും ഉണ്ട്.

കല്ലറയിലെ ഏറ്റവും പ്രായം കുറഞ്ഞ മമ്മി റൊസാലിയയുടേതാണ്. ഒരു കണ്ണാടി പെട്ടിക്കുള്ളില്‍ അവളുടെ സുന്ദരമായ മുടിയും ചര്‍മ്മവും കേടുകൂടാതെയിരിക്കുന്നതെങ്ങനെ എന്നത് ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്. റോസാലിയയുടെ മൃതശരീരം വ്യാജ മെഴുക് പകര്‍പ്പാണെന്ന് ഇടയ്ക്ക് ആരോപണം ഉയര്‍ന്നിരുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ള എണ്ണമറ്റ സിദ്ധാന്തങ്ങളും ഒരുകാലത്ത് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, അവളുടെ ശരീരത്തില്‍ നടത്തിയ നിരവധി പരിശോധനകള്‍ അത്തരം സിദ്ധാന്തങ്ങളെയെല്ലാം തള്ളിക്കളയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …