ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഇരുട്ടടിയായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുശേഷം നടുവിന് വേദന അനുഭവപ്പെട്ട ബുമ്ര ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
പരിശീലനത്തിനിടെ നടുവിന് വേദന അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബുമ്ര കളിച്ചിരുന്നില്ല. ബുമ്രക്ക് കുറഞ്ഞത് ഒരുമാസത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക സൂചന. അടുത്ത മാസം 16ന് ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പില്‍ 23ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
ജൂലൈയില്‍ ഇംഗ്ലണ്ടിനെിരായ പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസത്ത വിശ്രമത്തിനുശേഷം കഴിഞ്ഞ ആഴ്ച നടന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഓസീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലും മൂന്നാം മത്സരത്തിലും ബുമ്ര കളിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തുടങ്ങിയ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ ബുമ്രക്ക് വീണ്ടും നടുവേദന അനുഭവപ്പെടുകയായിരുന്നു.
അതേസമയം, ബുമ്രയുടെ നടുവിനേറ്റ പരിക്ക് ഗുരുതരമാണെന്നും ലോകകപ്പില്‍ കളിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും ബിസിസിഐ പ്രതിനിധി പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ബുമ്രക്ക് മത്സര ക്രിക്കറ്റില്‍ ആറ് മാസത്തോളം വിട്ടു നില്‍ക്കേണ്ടിവന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.