ലോകകപ്പില്‍ മാസ്ക് നിരോധിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവ് പ്രാബല്യത്തിലില്ലെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി. എന്നാല്‍ സുരക്ഷ നടപടികളുടെ ഭാഗമായി മുഖം മുഴുവന്‍ മറച്ച് കളയുന്ന മെക്സിക്കന്‍ റെസ്ലിങ് മാസ്ക് പോലെയുള്ളവ സ്റ്റേഡിയത്തിലേക്ക് കടക്കുമ്ബോള്‍ അഴിച്ചുവെക്കേണ്ടി വരുമെന്ന് ഇതുസംബന്ധിച്ച് സുപ്രീം കമ്മിറ്റി മറുപടി നല്‍കിയതായി ‘ഇന്‍സൈഡ് ഖത്തര്‍’ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കല്‍ മാസ്ക് താഴ്ത്തിക്കാണിക്കണമെന്ന നിര്‍ദേശത്തില്‍നിന്ന് വ്യത്യസ്തമായി ഇതില്‍ മറ്റൊന്നുമില്ലെന്നും കോവിഡ് മഹാമാരി കാരണം പലപ്പോഴും നാം ഇതിന് വിധേയമായിട്ടുള്ളതാണെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ആരാധകരോട് മാസക്് ധരിച്ച് സ്റ്റേഡിയങ്ങളിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ പ്രവേശിക്കരുതെന്ന രീതിയിലുള്ള നിര്‍ദേശങ്ങള്‍ നിലവിലില്ലെന്നും അടുത്ത മാസത്തോടെ ആരാധകരെ സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ് സംഘാടകരെന്നും സുപ്രീം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടിക്കാട്ടി.
ഖത്തറിലെ നിയമങ്ങള്‍ പാലിക്കുന്നതിെന്‍റ ഭാഗമായി പ്രസിദ്ധമായ ‘ലൂച്ചാ ലിബ്റെ’ മാസ്കുകള്‍ ധരിക്കരുതെന്ന് മെക്സിക്കന്‍ ആരാധകര്‍ക്ക് മെക്സിക്കോ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മെക്സിക്കന്‍ വിദേശകാര്യ മന്ത്രാലയത്തില്‍നിന്നുള്ള അല്‍ഫോണ്‍സോ സെഗ്ബെ ഇക്കാര്യം നിര്‍ദേശിക്കുകയും ഖത്തറില്‍നിന്നുള്ള ടൂര്‍ണമെന്‍റ് സംഘാടക സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഇതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസ്ക് വിലക്കിക്കൊണ്ടുള്ള നയം സ്വീകരിച്ചിട്ടില്ലെന്ന് സുപ്രീം കമ്മിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി.