സൗദി അറേബ്യയില്‍ ആരംഭിച്ച പ്രദര്‍ശനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെരുപ്പിന്റെ പകര്‍പ്പ് പ്രദര്‍ശിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാല്‍ചുവടുകളിലൂടെയുള്ള കുടിയേറ്റം എന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ദഹറാനിലെ കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര) ആണ് പ്രദര്‍ശനത്തില്‍ ചെരുപ്പിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തിയത്.
എഡി പതിമൂന്നാം നൂറ്റാണ്ടില്‍ ആന്‍ഡലൂഷ്യന്‍ കരകൗശല വിദഗ്ധന്‍ നിര്‍മ്മിച്ച ഈ മാതൃക, പ്രവാചകന്‍ ധരിച്ചിരുന്ന യഥാര്‍ത്ഥ ചെരുപ്പുകള്‍ക്ക് സമാനമാണ്. കിങ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്ര), ഇസ്ലാമിക പുതുവര്‍ഷത്തോട് അനുബന്ധിച്ച് ജൂലൈ 31നാണ് പ്രദര്‍ശനം തുടങ്ങിയത്.
പ്രദര്‍ശനം ഒമ്പത് മാസം നീണ്ടുനില്‍ക്കും. ശേഷം റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കും പിന്നീട് ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങളിലേക്കും നീളും. ഇസ്ലാമിക നാഗരികത വിളിച്ചോതുന്ന തുണിത്തരങ്ങള്‍, കയ്യെഴുത്തു പ്രതികള്‍ ഉള്‍പ്പെടെ പുരാവസ്തുക്കളുടെ വന്‍ ശേഖരം പ്രദര്‍ശനത്തിലുണ്ട്.