തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ദത്തുനൽകിയ കുഞ്ഞിനെ തിരിച്ചുപിടിക്കാൻ അനുപമയും അജിത്തും നടത്തിയ പോരാട്ടം സംസ്ഥാനത്ത് ഏറെ ചർച്ചയായിരുന്നു. നീണ്ട നാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ കുഞ്ഞിനെ ഇരുവർക്കും തിരിച്ചുകിട്ടുകയും ചെയ്തിരുന്നു. അവർ അന്ന് അവന് എയ്ഡൻ എന്ന് പേരിട്ടിരുന്നു.
തങ്ങളുടെയും കുഞ്ഞിന്റെയും വിശേഷങ്ങളൊക്കെ അനുപമയും അജിത്തും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇന്ന് എയ്‌ഡന്റെ രണ്ടാം പിറന്നാളാണ്. ആദ്യത്തെ പിറന്നാളിന് കുട്ടി തങ്ങൾക്കൊപ്പമില്ലായിരുന്നു. ഇത്തവണയെങ്കിലും പിറന്നാൾ ആഘോഷിക്കണമെന്നാണ് ദമ്പതികൾ പറയുന്നത്.
കുഞ്ഞിനെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് പിന്തുണ നൽകിയവർക്കും അജിത്തിന്റെ ബന്ധുക്കൾക്കുമൊപ്പം എയ്‌ഡന്റെ പിറന്നാൾ ആഘോഷമാക്കുമെന്ന് അനുപമ പറഞ്ഞു. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഹാളിൽ വൈകിട്ട് അഞ്ചര മുതലാണ് ആഘോഷം.