മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇത് വെറുതെയായില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകൻറെ അണിയറക്കാർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആ പ്രതീക്ഷയ്ക്കു പിന്നിലുള്ള ആദ്യ കാരണം. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാവുന്ന ചിത്രമാണ് മോൺസ്റ്റർ. നിർമ്മാതാക്കളായ ആശിർവാദ് സിനിമാസും ഏറെ പ്രതീക്ഷയോടെയാണ് തങ്ങളുടെ ഏറ്റവും പുതിയ റിലീസിനെ നോക്കിക്കാണുന്നത്. ചിത്രത്തിൻറെ ഉയർന്ന തിയറ്റർ കൌണ്ട് ആണ് അതിൻറെ ഏറ്റവും വലിയ തെളിവ്
കേരളത്തിൽ മാത്രം 216 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്‍പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്ക്രീനുകളില്‍ ചിത്രം എത്തുന്നുണ്ട്.