Breaking News

‘ഒരുപാട് ഷൈന്‍ ചെയ്യല്ലേ’: സംസാരിക്കാനായി വേദിയിലേക്ക് ക്ഷണിച്ചവരോട് ക്ഷുഭിതനായി സുരേഷ് ഗോപി

തൊണ്ണൂറുകളില്‍ തിരശ്ശീലയില്‍ തീ പടർത്തിയ തീപ്പൊരി ഡയലോഗുകളുടേയും ആക്ഷന്‍ രംഗങ്ങളുടേയും അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപി സൂപ്പർതാര പദവിയിലേക്ക് എത്തിയത്. വെള്ളിത്തിരക്ക് പുറത്തുള്ള ജീവിതത്തിലും തനിക്ക് പറയാനുള്ളത് ആരുടേയും മുഖത്ത് നോക്കി പറയുന്ന ശീലും സുരേഷ് ഗോപിക്കുണ്ട്.

അത് നിരവധി വിവാദങ്ങള്‍ക്ക് ഇടയാക്കി എന്ന് മാത്രമല്ല ‘കേവലം ഷോ’ എന്ന് പരിഹസിക്കപ്പെടുകയും ചെയ്തിട്ടുണ്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ സുരേഷ് ഗോപി നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചാ വിഷയമായിരിക്കുന്നത്. കണ്ണൂരില്‍ നവീകരിച്ച ക്ഷേത്രക്കുള സമര്‍പ്പണം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ആ പഴയ ‘ക്ഷുഭിത യൌവന’ മുഖം വീണ്ടും പുറത്ത് വന്നത്. പാനൂര്‍ കരിയാട് പള്ളിക്കുനി പെരുമ്പ ശിവക്ഷേത്രത്തിലെ നവീകരിച്ച തീര്‍ത്ഥക്കുള സമര്‍പ്പണം നിര്‍വഹിക്കാനാണ് സുരേഷ് ഗോപിയെത്തിയത്.

ഉദ്ഘാടനത്തിന് ശേഷം വേദിയിലേക്ക് സംസാരിക്കാനായി നടനെ പരിപാടിയുടെ സംഘാടകര്‍ ക്ഷണിച്ചപ്പോള്‍ താരം ക്ഷുഭിതനാവുകയായിരുന്നു. ‘താന്‍ സംസാരിച്ചു കഴിഞ്ഞു. ഒരുപാട് ഷൈന്‍ ചെയ്യല്ലേ’, എന്നൊക്കെയായിരുന്നു സംഘാടകരോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. സമയം വൈകിയത് കാരണം കുളം ഉദ്ഘാടനം ചെയ്ത് പോകാനായിരുന്നു സുരേഷ് ഗോപിയുടെ തീരുമാനം. ഇതിനിടെയാണ് കാറില്‍ കയറാന്‍ ഒരുങ്ങുന്നതിനിടെ സംഘാടകർ താരത്തെ പ്രസംഗിക്കാനായി വേദിയിലേക്ക് ക്ഷണിച്ചത്. ഇതോടെയായിരുന്നു താരം രൂക്ഷമായി പ്രതികരിച്ചത്.

തുടർന്ന് താരം കാറില്‍ കയറി പോവുകയും ചെയ്തു. അതേസമയം, എനിക്ക് വളരെ സന്തോഷം തരുന്ന രീതിയില്‍ ഇങ്ങോട്ടൊന്ന് വരാന്‍ പോലും തിക്കും തിരക്കും കാരണം അനുവദിച്ചിട്ടില്ലെന്നായിരുന്നു ക്ഷേത്രക്കുളം സമർപ്പിച്ചുകൊണ്ട് സുരേഷ് ഗോപി അഭിപ്രായപ്പെട്ടത്.

ഒരു പരിപാട് ആസുത്രണം ചെയ്യുമ്പോള്‍ ഒരോ വ്യക്തിയും സ്വയം നിയന്ത്രിതമായി അച്ചടക്കത്തോടെ പെരുമാറണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇവിടെ എത്തിയതിന് ആദ്യം നന്ദി പറയുന്നത് പൊലീസുകാരോടാണ്. പാവങ്ങള്‍, നിങ്ങളുടെ ആള്‍ക്കാരെല്ലാം കൂടി അവരുടെ നടുവൊടിച്ചു. ആഘോഷതിമിർപ്പില്‍ ഈ ഉന്തും തള്ളുമൊക്കെ ഉണ്ടാവുമെന്ന് ഞാന്‍ സമ്മതിക്കുന്നു, എങ്കിലും ആർക്കും ഒന്നും സംഭവിച്ചില്ലെന്നും താരം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …