തന്റെ പുതിയ ചിത്രമായ ഫോൺ ഭൂതിന്റെ റിലീസിന് കാത്തിരിക്കുകയാണ് ബോളിവുഡ് നടി കത്രീന കൈഫ്. ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ കൂടുതൽ തെന്നിന്ത്യൻ സിനിമകൾ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടി. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോടാണ് താരം ഇക്കാര്യം പറഞ്ഞത്.
നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കിൽ ഭാഷ തനിക്ക് ഒരു തടസമല്ലെന്നാണ് കത്രീന പറഞ്ഞത്. പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകർ ദക്ഷിണേന്ത്യയിൽ ഉണ്ടെന്നും അവർ പറഞ്ഞു. പൊന്നിയിൻ സെൽവനെയാണ് അവർ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടിയത്.
“മണിരത്നം സാർ ചെയ്ത പൊന്നിയിൻ സെൽവനെ നോക്കൂ. എത്ര ഗംഭീരമായ ചിത്രമാണത്. മനോഹരമായ ഫ്രെയിമുകളും ഗാനങ്ങളും. ഈ പ്രായത്തിൽ ഇത്രയും വലിയ ഒരു സിനിമ ചെയ്തത് ഒരു ഐക്കണിക് സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉത്സാഹം എത്രമാത്രമാണെന്ന് തെളിയിക്കുന്നതാണ്.” കത്രീന പറഞ്ഞു.