Breaking News

സമ്പന്നരുടെ പട്ടികയിൽ ആദ്യ ഇരുപതിൽ നിന്ന് അദാനി പുറത്ത്, ഇതുവരെ നഷ്ടം 9.6 ലക്ഷം കോടി രൂപ

ഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായി ഗൗതം അദാനി ഫോബ്സ് മാസികയുടെ സമ്പന്നരുടെ പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി. ഹിൻഡൻബർഗ് വിവാദത്തെ തുടർന്നുണ്ടായ തകർച്ചയിൽ നിന്നാണ് അദാനിക്ക് വൻ നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം എഫ്പിഒ പിൻവലിച്ചതോടെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഇതുവരെ അദാനിയുടെ മൂല്യത്തകർച്ച 10 ലക്ഷം കോടി രൂപയോട് അടുക്കുകയാണ്. ഇതുവരെ 9.6 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. (117 ബില്യൺ ഡോളർ). വൻ വരുമാന നഷ്ടമുണ്ടായത്തോടെ, ഫോബ്സ് മാസികയുടെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ആദ്യ 20 ൽ നിന്ന് അദാനി പുറത്തായി. നിലവിൽ 22-ാം സ്ഥാനത്താണ് അദാനി.

അതേസമയം, അദാനിക്കെതിരെ സർക്കാർ അന്വേഷണത്തിന് ഉത്തരവിടും വരെ സമരം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. അദാനി വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റ് ഇന്ന് രണ്ടാം ദിവസവും പിരിഞ്ഞു. ബജറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാതെ പ്രതിപക്ഷം സമയം പാഴാക്കുകയാണെന്ന് ലോക്സഭാ സ്പീക്കർ ആരോപിച്ചു. അദാനിക്കെതിരായ വെളിപ്പെടുത്തൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, സിപിഎം, ശിവസേന ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്‍റിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിഷയം ചർച്ചയ്ക്ക് എടുക്കാൻ കഴിയില്ലെന്ന് ലോക്സഭ, രാജ്യസഭാ ചെയർമാൻമാർ വ്യക്തമാക്കി. 

അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ എംപിമാർ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.  ബജറ്റ്, ജി 20 വിഷയങ്ങളിൽ ചർച്ച നടത്തേണ്ട സമയമാണിതെന്നും അവ തടസ്സപ്പെടുത്തരുതെന്നും ലോക്സഭാ സ്പീക്കർ ഓംബിർള പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടർന്ന് ലോക്സഭ രണ്ട് മണി വരെയും രാജ്യസഭ ഉച്ചയ്ക്ക് 2.30 വരെയും നിർത്തിവച്ചു. സഭാ യോഗത്തിന് മുന്നോടിയായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. 16 പാർട്ടികളാണ് യോഗത്തിൽ പങ്കെടുത്തത്. അദാനിക്കെതിരെ ജെപിസി അന്വേഷണമോ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ നടക്കുന്നതുവരെ സമരം തുടരാനും യോഗം തീരുമാനിച്ചു. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …