കാത്തിരിപ്പിന് വിരാമം. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്ത്. ‘ലിയോ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാഗ് ലൈൻ. അനിരുദ്ധ് സംഗീതം നൽകിയ ‘ബ്ലഡി സ്വീറ്റ്’ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് ടൈറ്റിൽ ടീസർ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം വിജയിയുടെ ചിത്രമുൾപ്പെടുന്ന പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവർക്ക് പുറമേ മലയാളത്തിൽ നിന്ന് മാത്യു തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ലിയോ.