Breaking News

കാറില്‍ സൂക്ഷിച്ചിരുന്നത് വെള്ളം: മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻ

കണ്ണൂർ: പ്രസവത്തിനായി പോകുംവഴി കാർ കത്തി യുവതിയും ഭർത്താവും മരണപ്പെട്ട സംഭവത്തിൽ കാറിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളമാണെന്ന് മരിച്ച റീഷയുടെ പിതാവ് കെ കെ വിശ്വനാഥൻ. വിദഗ്ധ പരിശോധനയിൽ ഡ്രൈവറുടെ സീറ്റിനടിയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ ഉണ്ടായിരുന്നെന്ന പ്രചാരണത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് മടങ്ങുമ്പോൾ മാഹിയിൽ നിന്ന് കാറിൽ ഇന്ധനം നിറച്ചിരുന്നെന്നും കുപ്പിയിൽ പെട്രോൾ കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും വിശ്വനാഥൻ പറഞ്ഞു. മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്.

കാറിന്‍റെ പിൻ ക്യാമറയും അതിന്‍റെ സിസ്റ്റവും അധികമായി ഘടിപ്പിച്ചിരുന്നു. സ്റ്റിയറിംഗിന്റെ വശത്ത് നിന്ന് ഉണ്ടായ പുക പെട്ടന്ന് പടരുകയായിരുന്നു. കാറിൽ നിന്ന് ചാടിയതിനാലാണ് പിന്നിലുണ്ടായിരുന്ന ആളുകൾ രക്ഷപെട്ടത്. റീഷ ഇരുന്ന സ്ഥലത്തെ ഗ്ലാസ് തകർത്തെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ലെന്നും വിശ്വനാഥൻ പറഞ്ഞു.

കണ്ണൂർ ഫയർ സ്റ്റേഷൻ കഴിഞ്ഞ് അൽപം മുന്നിലെത്തിയപ്പോൾ എന്തോ മണക്കുന്നതായി പ്രജിത്ത് പറഞ്ഞിരുന്നു. കാർ ഓഫ് ചെയ്യാൻ പറഞ്ഞപ്പോഴേക്കും സീറ്റിനടിയിൽ നിന്ന് തീ പടർന്നിരുന്നു. വേറൊന്നും ഓർമ്മയില്ല. താൻ ഒരു വാതിൽ തള്ളി തുറന്ന് പുറത്തേക്ക് ചാടി. കാർ അനിയന്ത്രിതമായി കുറച്ച് ദൂരം നീങ്ങി. അതെങ്ങനെ നിന്നുവെന്ന് അറിയില്ല. അപ്പോഴേക്കും കാർ പൂർണ്ണമായും കത്തിനശിച്ചിരുന്നുവെന്നും വിശ്വനാഥൻ പറഞ്ഞു.

About News Desk

Check Also

വിജേഷ് പിള്ള ഒളിവിൽ, ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല: കർണാടക പോലീസ്

ബെംഗളൂരു: കേസിൽ നിന്ന് പിൻമാറാൻ സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് കർണാടക പോലീസ്. …