Breaking News

ക്യാൻസർ രോഗിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി; റിപ്പോര്‍ട്ട് തേടി ഡിജിസിഎ

ന്യൂഡല്‍ഹി: ജീവനക്കാരുടെ സഹായം തേടിയ കാൻസർ ബാധിതയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്നു പരാതി. ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി മീനാക്ഷി സെൻഗുപ്ത എന്ന യാത്രക്കാരി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജനുവരി 30നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്ന് ഭാരം ഉയർത്താൻ ബുദ്ധിമുട്ടായതിനാൽ സീറ്റിന് മുകളിലുള്ള ക്യാബിനിൽ ഹാൻഡ്ബാഗ് വയ്ക്കാൻ ഫ്ലൈറ്റ് അറ്റൻഡന്‍റിന്‍റെ സഹായം തേടിയിരുന്നുവെന്നും എന്നാൽ സഹായിക്കാൻ വിസമ്മതിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി മീനാക്ഷി സെൻഗുപ്ത പരാതിയിൽ പറയുന്നു.

നടക്കാൻ ബുദ്ധിമുട്ടായതിനാൽ വീൽചെയർ ആവശ്യപ്പെട്ടെങ്കിലും വിമാനത്തിലെ ജീവനക്കാർ അത് നിരസിച്ചതായി ഡൽഹി പൊലീസിനും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും നൽകിയ പരാതിയിൽ മീനാക്ഷി പറയുന്നു. ഗ്രൗണ്ട് സ്റ്റാഫ് തനിക്ക് ആവശ്യമായ സഹായം നൽകുകയും വിമാനത്തിൽ കയറാൻ സഹായിക്കുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. എയർ ഹോസ്റ്റസിനോട് ആരോഗ്യസ്ഥിതിയെക്കുറിച്ച് ധരിപ്പിച്ചിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങിയപ്പോൾ സമീപത്തെത്തിയ എയർ ഹോസ്റ്റസിനോട് ഹാൻഡ്ബാഗിനെക്കുറിച്ച് പറഞ്ഞപ്പോൾ അത് തന്‍റെ ജോലിയല്ലെന്ന് പറയുകയാണ് ചെയ്തത്. സഹായത്തിനായി മറ്റ് ജീവനക്കാരെ സമീപിച്ചപ്പോൾ അവരും തന്നെ അവഗണിച്ചുവെന്നും ആവർത്തിച്ച് സഹായം ചോദിച്ചപ്പോൾ അസൗകര്യമുണ്ടെങ്കിൽ വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടെന്നും മീനാക്ഷി ആരോപിച്ചു.

മീനാക്ഷിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അമേരിക്കൻ എയർലൈൻസിനോട് റിപ്പോർട്ട് തേടി. ക്രൂ അംഗങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ജനുവരി 30 ന് വിമാനത്തിൽ നിന്ന് ഒരു യാത്രക്കാരിയെ ഇറക്കി വിട്ടതായി അമേരിക്കൻ എയർലൈൻസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ടിക്കറ്റ് തുക മടക്കിനല്‍കാനായി കസ്റ്റമർ റിലേഷൻസ് ടീം ഇവരെ സമീപിച്ചിരുന്നതായും പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും എയർലൈൻ അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …