ന്യൂഡല്‍ഹി: ഡൽഹിയിൽ കാറിനടിയിൽ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. പുതുവത്സര ദിനത്തിൽ രാജ്യത്തെ ഞെട്ടിച്ച അഞ്ജലിയുടെ മരണത്തിലാണ് ആന്തരികാവയവ പരിശോധനാ ഫലം പുറത്തുവന്നത്. സംഭവസമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്ന് രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ പറയുന്നു.
കേസിൽ നിർണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24 ന് പോലീസിന് ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നേരത്തെ അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്ത് നിധിയും അഞ്ജലി മദ്യപിച്ചിരുന്നതായി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അഞ്ജലിയുടെ കുടുംബം നിഷേധിക്കുകയായിരുന്നു.
ജനുവരി ഒന്നിന് പുലർച്ചെ ഡൽഹിയിലെ സുൽത്താൻപുരിയിലാണ് അഞ്ജലിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചത്. കാറിനടിയിൽ കുരുങ്ങിയ അഞ്ജലിയുമായി കാർ കിലോമീറ്ററുകളോളം സഞ്ചരിച്ചു. യുവതി കാറിനടിയിൽ കുരുങ്ങിയെന്ന സംശയം വകവയ്ക്കാതെ കാറിലുണ്ടായിരുന്ന യുവാക്കൾ യാത്ര തുടരുകയായിരുന്നു. ഏകദേശം ഒന്നരമണിക്കൂറോളം യുവതി കാറിനടിയിൽ കുരുങ്ങി കിടന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ അകലെ മറ്റൊരു സ്ഥലത്താണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങളെല്ലാം കീറി ശരീരം മുഴുവൻ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.