ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ അഡീഷണൽ ജഡ്ജിയായി നിയമിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. വിക്ടോറിയ ഗൗരിയടക്കം 13 ജഡ്ജിമാരെ വിവിധ ഹൈക്കോടതികളിലേക്ക് ജഡ്ജിമാരാക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്രം നിയമന ഉത്തരവിറക്കിയത്.
അതേസമയം, വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശയെ ചോദ്യം ചെയ്തുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
അഭിഭാഷക വിക്ടോറിയ ഗൗരിയടക്കം അഞ്ച് പേരെ മദ്രാസ് ഹൈക്കോടതിയുടെ ജഡ്ജിമാരായി നിയമിക്കാൻ ജനുവരി 17 ന് സുപ്രീം കോടതി കൊളീജിയം കേന്ദ്രത്തോട് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മൂന്ന് അഭിഭാഷകരെയും രണ്ട് ജുഡീഷ്യൽ ഓഫീസർമാരെയും ഉൾപ്പെടെ അഞ്ച് പേരെ മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായി കേന്ദ്ര സർക്കാർ നിയമിച്ചു.