കരിങ്ങനാട്: കുടിവെള്ളം ലഭിക്കുന്നതിൽ തടസ്സം ഉണ്ടായതിനെ തുടർന്ന് സ്വന്തമായി കിണർ കുഴിച്ച് സഹോദരങ്ങൾ. നാട്ടുകാർക്ക് ശർക്കര പാനീയം വച്ചു നൽകിയാണ് കുടുംബം സന്തോഷം പങ്കുവെച്ചത്.
വിളയൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ കരിങ്ങനാട് കുണ്ട് താമസിക്കുന്ന തയ്യൽ തൊഴിലാളി വട്ടക്കര ഹരിദാസിന്റെ മക്കളായ വിപിൻ ദാസും, സുബിൻ ദാസുമാണ് പൈപ്പ് വെള്ളം മുടങ്ങി ശുദ്ധജലം കിട്ടാതായതോടെ സ്വന്തമായി കിണർ കുഴിക്കാൻ തീരുമാനിച്ചത്. ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ പിതാവ് കാണുന്നത് കിണർ കുഴിക്കുന്ന മക്കളെയാണ്. ബി.സി.എ ബിരുദധാരിയായ വിപിൻ ദാസിനും, ഡിഗ്രി വിദ്യാർത്ഥിയായ സുബിൻ ദാസിനും കിണർ കുഴിക്കലിൽ മുൻപരിചയം ഒന്നുമില്ല. എന്നാലും ശ്രമം ഉപേക്ഷിക്കാൻ അവർ ഒരുക്കമല്ലായിരുന്നു.
രാപകൽ ഇല്ലാതെ പണി തുടർന്നു. ഒടുവിൽ കഠിനാധ്വാനത്തിന്റെ ഫലമായി ഏഴര കോൽ താഴ്ച്ചയിലെത്തിയപ്പോഴക്കും വെള്ളം കണ്ടു. കിണറും, വെള്ളവും കാണാനെത്തുന്നവരെ അവർ ചക്കരവെള്ളം കലക്കി സ്വീകരിച്ചു. സഹോദരങ്ങളുടെ അധ്വാനത്തെ പ്രശംസിച്ച് വാർഡ് അംഗം നീലടി സുധാകരൻ അനുമോദനം രേഖപ്പെടുത്തി.