തൃശൂർ: ആംബുലൻസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ജീവനക്കാരനായ ദയാലാലാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കയ്പമംഗലം സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാരാണ് യുവതിയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ കൂടെ പോകാൻ ആരുമുണ്ടായിരുന്നില്ല.
ആ സമയത്താണ് ആശുപത്രിയിലെ താൽക്കാലിക ഇലക്ട്രിക്കൽ ജീവനക്കാരനായ ദയാലാൽ പെൺകുട്ടിക്കൊപ്പം പോകാൻ സമ്മതിച്ചത്. യാത്രാമധ്യേ ആംബുലൻസിലും പിന്നീട് ആശുപത്രിയിലും വച്ച് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. മെഡിക്കൽ കോളേജിലെ നഴ്സിനെ യുവതി ഇക്കാര്യം അറിയിച്ചു. യുവതിയുടെ ബന്ധുവായാണ് ദയാലാൽ പെരുമാറിയത്.