കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റിന് പുറമെ കുട്ടിയുടെ നിയമ വിരുദ്ധ കൈമാറ്റത്തിന് പിന്നിലും സൂപ്രണ്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാറെന്ന് സൂചന. പൊലീസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ രണ്ടിലും ഇടപെട്ടതിൻ്റെ വിവരങ്ങൾ ലഭിച്ചത്. അനിൽ കുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്. കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യഥാർഥ മാതാപിതാക്കൾ വന്നില്ലെങ്കിൽ ദത്തെടുക്കൽ നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.
കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പെൺകുട്ടി ജനിച്ചതെന്ന് വ്യക്തമാണ്. 2022 ഓഗസ്റ്റ് 27നാണ് പെൺകുട്ടി ജനിച്ചത്. സെപ്റ്റംബർ ആറിനാണ് കളമശേരി നഗരസഭ ജനനം രജിസ്റ്റർ ചെയ്തത്.
NEWS 22 TRUTH . EQUALITY . FRATERNITY