തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള 2,506 സർക്കാർ വാഹനങ്ങൾ ഈ മാസത്തോടെ പിൻവലിക്കും. എന്നാൽ കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള പൊളിക്കൽ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഒരുക്കാത്തതിനാൽ ഉടൻ പൊളിക്കലുണ്ടാവില്ല. പിൻവലിച്ച വാഹനങ്ങൾ തൽക്കാലം എവിടെയെങ്കിലും സൂക്ഷിക്കും. അല്ലാത്തപക്ഷം കേരളത്തിനു പുറത്തുള്ള അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകേണ്ടിവരും.
അയൽ സംസ്ഥാനങ്ങളിൽ പൊളിക്കൽ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ടാണ്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിൽ മാത്രമാണ് അംഗീകൃത സ്ഥാപനങ്ങളുള്ളത്. വാഹനം പൊളിച്ചതിന്‍റെ സർട്ടിഫിക്കറ്റ് നൽകാൻ അവർക്ക് മാത്രമേ കഴിയൂ. പുതിയ വാഹനം വാങ്ങുമ്പോൾ, നികുതി ഇളവ് ലഭിക്കുന്നതിന് സാക്ഷ്യ പത്രം ഹാജരാക്കേണ്ടതുണ്ട്. നിലവിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 150 കോടി രൂപയുടെ സഹായം ലഭിക്കണമെങ്കിൽ വാഹനങ്ങൾ പിൻവലിച്ചതിന്‍റെയും പൊളിക്കുന്നതിന്‍റെയും രേഖ സമർപ്പിക്കണം.
പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ സഹകരണ മേഖലയുടെ സഹായം തേടിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. സർക്കാർ വകുപ്പുകളുടെ 884 വാഹനങ്ങളും കെ.എസ്.ആർ .ടി.സിയുടെ 1622 വാഹനങ്ങളുമാണ് പൊളിച്ചുനീക്കേണ്ടി വരിക. കെ.എസ്.ആർ.ടി.സിയുടെ കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പഴയ ബസുകൾ പൊളിച്ച് വിൽക്കുന്നതിനേക്കാൾ ലാഭകരമാണ് പഴയ ബസുകൾ കടകളാക്കി മാറ്റുന്നത്. പല ബസുകളും ഇത്തരം കടകളാക്കി മാറ്റിയിരുന്നു.