ആലപ്പുഴ: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ്, സിപിഎം നേതാക്കൾക്കെതിരെ കേസുമായി ബിജെപി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. കെപിസിസി പ്രസിഡന്റ് ക. സുധാകരൻ, ആലപ്പുഴ എംഎൽഎയും സിപിഎം നേതാവുമായ പി പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്.
പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. ജനുവരി 30ന് ഗാന്ധിവധത്തെ കുറിച്ച് ഫേസ്ബുക്കിൽ പരാമർശം നടത്തിയതിനാണ് ഇരുവർക്കുമെതിരെ കേസ്. രാജ്യത്തെ ജുഡീഷ്യൽ കോടതികളും അന്വേഷണ കമ്മീഷനുകളും തള്ളിക്കളഞ്ഞ ആരോപണം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനും മതസ്പർദ്ധ വളർത്താനുമുള്ള ദുരുദ്ദേശ്യത്തോടെയാണ് വീണ്ടും ഉന്നയിച്ചതെന്ന് സന്ദീപ് തന്‍റെ പരാതിയിൽ ആരോപിക്കുന്നു.
കോൺഗ്രസ്, സി.പി.എം നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ആർ.എസ്.എസിനെയും സംഘപരിവാർ സംഘടനകളെയും അപകീർത്തിപ്പെടുത്താൻ മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 190 എ, 199 വകുപ്പുകൾ പ്രകാരം മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.