ബെംഗളൂരു: ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര എന്ന കന്നഡ ചിത്രം. 395 കോടി രൂപയുടെ ബോക്സ് ഓഫീസ് വിജയം കൂടാതെ, ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. ഇപ്പോൾ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ചിത്രത്തിന്‍റെ അടുത്ത ഭാഗത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.
കാന്താരയുടെ 100-ാം ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. ‘കാന്താര’യുടെ ചിത്രീകരണത്തിനിടയിലാണ് പ്രീക്വൽ എന്ന ആശയം തന്‍റെ മനസ്സിൽ വന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഋഷഭ് ഷെട്ടി പറഞ്ഞു.
“കാന്താരയ്ക്ക് അളവറ്റ സ്നേഹവും പിന്തുണയും നൽകിയ പ്രേക്ഷകരോട് ഞാൻ എക്കാലവും കടപ്പെട്ടിരിക്കുന്നു. മുന്നോട്ടുള്ള യാത്ര തുടരുന്നു. സർവശക്തനായ ദൈവത്തിന്‍റെ അനുഗ്രഹത്താൽ, ചിത്രം വിജയകരമായി 100 ദിവസം പൂർത്തിയാക്കി. ഈ അവസരത്തിൽ കാന്താരയുടെ പ്രീക്വൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കണ്ടത് യഥാർത്ഥത്തിൽ രണ്ടാം ഭാഗമാണ്. ഒന്നാം ഭാഗം അടുത്ത വർഷം വരും”, ഋഷഭ് ഷെട്ടി പറഞ്ഞു.