കോട്ടയം: കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മത്സ്യത്തിൽ രാസവസ്തുക്കളുടെ അംശം ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനാ റിപ്പോർട്ട്. മത്സ്യം ഭക്ഷ്യയോഗ്യമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചതായി മുനിസിപ്പൽ അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ മത്സ്യം തിരികെ നൽകേണ്ട അവസ്ഥയിലാണ് നഗരസഭ.
എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ടിൽ അട്ടിമറി നടന്നതായി നഗരസഭാ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇന്നലെ വൈകിട്ടാണ് മൂന്ന് ടൺ പഴകിയ മത്സ്യം പിടികൂടിയത്. രാസവസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ മത്സ്യം ഉടമകൾക്ക് തിരികെ നൽകുന്ന കാര്യത്തിൽ നഗരസഭ ഉടൻ തീരുമാനമെടുക്കും.