തിരുവനന്തപുരം: കേരളത്തിലെ റോഡുകളെ അതിവേഗം കീഴടക്കി പുത്തൻ വാഹനങ്ങൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹന രജിസ്ട്രേഷനിൽ കഴിഞ്ഞ വർഷം വലിയ മുന്നേറ്റമാണുണ്ടായത്. സർക്കാരിൻ്റെ പരിവാഹൻ വെബ്സൈറ്റിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത് ഈ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടെന്നാണ്.
കഴിഞ്ഞ വർഷം ഏഴ് ലക്ഷത്തിലധികം വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 7,83,719 വാഹനങ്ങൾ. 2021ൽ ഇത് 7,65,596 ആയിരുന്നു. 2022 ൽ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷനിൽ രണ്ട്% വർധനയുണ്ടായിട്ടുണ്ട്.
2023ൻ്റെ തുടക്കം മുതൽ ഇതുവരെ 79,098 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1,65,19,624 വാഹനങ്ങളാണ് കേരളത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹന രജിസ്ട്രേഷനിൽ തിരുവനന്തപുരമാണ് സംസ്ഥാനത്ത് ഒന്നാമത്. കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.